സിജെപി-കേന്ദ്ര സർക്കാർ ചർച്ച വെള്ളിയാഴ്ച 

 
India

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച വെള്ളിയാഴ്ച ഉച്ചയ്ക്ക്

ഉച്ചയ്ക്ക് 12.30നാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്

Sarath Nath MS

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര സർക്കാരും കോക്രോച്ച് ജനത പാർട്ടിയും (സിജെപി) തമ്മിലുള്ള നിർണായക ചർച്ച വെള്ളിയാഴ്ച നടക്കും. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ ഉച്ചയ്ക്ക് 12.30നാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ചർച്ച നിഷ്പക്ഷ വേദിയിൽ വേണമെന്ന സിജെപിയുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചതോടെയാണ് കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടത്താൻ തീരുമാനിച്ചതെന്ന് പാർട്ടി അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക് 26 ദിവസത്തെ നിരാഹാര സമരം കേന്ദ്ര സർക്കാരിന്‍റെ ഉറപ്പുകളെ തുടർന്ന് വ്യാഴാഴ്ച രാത്രി അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഈ ചർച്ച നടക്കുന്നത്.

സിജെപി ദേശീയ വക്താവ് സൗരവ് ദാസ്, നിഷ്പക്ഷ വേദിയിൽ ചർച്ച നടത്തണമെന്ന പാർട്ടിയുടെ ആവശ്യം സർക്കാർ അംഗീകരിച്ചതിനെ സ്വാഗതം ചെയ്തു. "ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. നിഷ്പക്ഷ വേദിയിൽ യോഗം വേണമെന്ന ഞങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിച്ചതിൽ സന്തോഷമുണ്ട്. ഇതിനായി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സർക്കാർ തുറന്ന മനസോടെ എത്തി ജനങ്ങളുടെ ശബ്ദം കേൾക്കുമെന്നാണ് പ്രതീക്ഷ,"- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇതിന് മുൻപ് മന്ത്രിയുടെ വസതിയിലോ ഓഫീസിലോ ചർച്ച നടത്താമെന്ന കേന്ദ്രത്തിന്‍റെ ക്ഷണം സിജെപി നിരസിച്ചിരുന്നു. നിഷ്പക്ഷ വേദിയിലായിരിക്കണം ചർച്ചയെന്ന നിലപാടിലാണ് പാർട്ടി ഉറച്ചുനിന്നത്.

ജൂലൈ 20നാണ് ഇരുപക്ഷവും അവസാനമായി ചർച്ച നടത്തിയത്. അന്ന് സിജെപി ദേശീയ വക്താക്കളായ സൗരവ് ദാസും ആശുതോഷ് റങ്കയും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയുടെ വസതിയിൽ എത്തി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാൽ ആ കൂടിക്കാഴ്ച തങ്ങളെ കരുതൽ തടങ്കലിൽ ആക്കുന്നതായിരുന്നെന്ന് ഇരുവരും പിന്നീട് ആരോപിച്ചു. അതിനുശേഷം സർക്കാരുമായുള്ള എല്ലാ തുടർചർച്ചകളും നിഷ്പക്ഷ വേദിയിൽ മാത്രമേ നടത്തൂവെന്ന് അവർ വ്യക്തമാക്കിയിരുന്നു. അതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ ജന്തർ മന്തറിലെ സമരം തുടരുമെന്ന നിലപാട് സിജെപി ആവർത്തിച്ചു.

പ്രധാന്‍റെ രാജിക്കു പുറമെ, മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്ക് ഉത്തരവാദിത്തം നിശ്ചയിക്കുക, വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്കാരങ്ങൾ നടപ്പാക്കുക, നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് പിന്നാലെ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക, സമരത്തിൽ പങ്കെടുത്ത സമാധാനപരമായ പ്രതിഷേധക്കാർക്കെതിരായ എല്ലാ എഫ്‌ഐആറുകളും നിയമനടപടികളും പിൻവലിക്കുക എന്നിവയും സിജെപിയുടെ പ്രധാന ആവശ്യങ്ങളാണ്.

'ഏകപക്ഷീയമായ മൻ കി ബാത്തിന്' പകരം പാർലമെന്‍റിൽ പ്രസ്താവന നടത്തൂ; നീറ്റ് വിഷയത്തിൽ മോദിയോട് ഖാർഗെ

ലോകകപ്പോടെ മടക്കം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ‍്യാപിച്ച് നിക്കൊളാസ് ഒട്ടാമെൻഡി

നവമാധ‍്യമങ്ങളിൽ വ‍്യാജ പ്രചാരണം: മുഖ‍്യമന്ത്രിക്കും ആഭ‍്യന്തര മന്ത്രിക്കും പരാതി നൽകി സിപിഎം നേതാവ് പി.കെ. ശ്രീമതി

മുട്ടിൽ മരം മുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി തള്ളി

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നു വർഷം തടവ്; രാജ്യസഭയിൽ ബില്ല് അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ