ഡൽഹി എസ്ഐആർ; പ്രമുഖർക്ക് ലഭിച്ച നോട്ടീസുകൾ പരിശോധനയ്ക്ക് ശേഷം ഒഴിവാക്കി
ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്‍റെ (എസ്ഐആർ) ഭാഗമായി പ്രമുഖരായ നിരവധി വോട്ടർമാർക്ക് നൽകിയ നോട്ടീസുകൾ പരിശോധനയ്ക്ക് ശേഷം ഒഴിവാക്കി. ഇവരുടെ പേരുകൾ അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി മാറ്റിവച്ചതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരുൾപ്പെടെയുള്ള പ്രമുഖർക്കാണ് പൊരുത്തക്കേടുകളുടെ’ പേരിൽ നോട്ടീസ് നൽകിയത്.
2002ലെ ഡൽഹിയിലെ അവസാന എസ്ഐആറുമായി ഇവരുടെ വിവരങ്ങൾ പൊരുത്തപ്പെട്ടിരുന്നില്ല എന്നതിന്‍റെ പേരിലാണ് ഭൂരിഭാഗം പേർക്കും നോട്ടീസ് നൽകിയത്. ഇവരിൽ പലരും ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ബൂത്ത് ലെവൽ ഓഫീസർമാർ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇവരുടെ വീടുകളിലെത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച അനുബന്ധ രേഖകൾ പരിശോധിച്ച് വിവരങ്ങൾ സാധൂകരിച്ചു. പരിശോധന പൂർത്തിയാക്കിയശേഷം ഇവരുടെ പേരുകൾ നവംബർ നാലിന് പ്രസിദ്ധീകരിക്കുന്ന ഡൽഹിയുടെ അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി മാറ്റിവച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.