പ്രതീകാത്മക ചിത്രം

 
India

ഡൽഹിയിൽ നിന്ന് നേപ്പാളിലേക്ക് ഇനി വെറും എട്ട് മണിക്കൂർ; ഗൊരഖ്പൂർ-സോനൗലി ഹൈവേ അവസാനഘട്ടത്തിൽ

നിർമാണത്തിന്‍റെ അവസാനഘട്ടത്തിൽ എത്തിയ ഈ അന്താരാഷ്ട്ര ഹൈവേ ഉടൻ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്നാണ് റിപ്പോർട്ട്.

Sarath Nath MS

ന്യൂഡൽഹി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള റോഡ് യാത്ര കൂടുതൽ വേഗത്തിലും സൗകര്യപ്രദവുമായി മാറാൻ പോകുന്നു. ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ നിന്ന് ഇന്ത്യ-നേപ്പാൾ അതിർത്തിയായ സോനൗലി വരെയുള്ള നാലുവരി ദേശീയപാത (NH-24) പദ്ധതിയുടെ 89 ശതമാനം നിർമാണപ്രവർത്തനവും പൂർത്തിയായതായി ദേശീയപാത അതോറിറ്റി അറിയിച്ചു. പാത പ്രവർത്തനസജ്ജമാകുന്നതോടെ ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്ന് നേപ്പാളിലേക്കുള്ള യാത്ര ഏറെ എളുപ്പമാകുമെന്നാണ് വിലയിരുത്തൽ.

ഡൽഹി-എൻസിആർ മേഖലയിൽ നിന്ന് സ്വകാര്യ വാഹനത്തിൽ നേപ്പാൾ അതിർത്തിയിലെത്താൻ നിലവിൽ ഏറെ സമയം ആവശ്യമാണ്. എന്നാൽ എക്സ്പ്രസ് വേകളും പുതിയ ഹൈവേ ശൃംഖലകളും പൂർത്തിയാകുന്നതോടെ ഈ യാത്ര ഏകദേശം എട്ട് മണിക്കൂറിനുള്ളിൽ സാധ്യമാകുമെന്നാണ് റിപ്പോർട്ട്. വിനോദസഞ്ചാരികൾക്കും വ്യാപാര ആവശ്യങ്ങൾക്കുമായി നേപ്പാളിലേക്ക് പോകുന്നവർക്കും ഇത് വലിയ ആശ്വാസമാകും.

79.5 കിലോമീറ്റർ ദൈർഘ്യമുള്ള ഗൊരഖ്പുർ-സോനൗലി പാത നിലവിലെ രണ്ടുവരിപ്പാതയിൽ നിന്ന് നാലുവരിപ്പാതയായി വികസിപ്പിക്കുകയാണ്. ഭാവിയിൽ ഗതാഗതം വർധിച്ചാൽ ആറുവരിപ്പാതയാക്കി വികസിപ്പിക്കാനുള്ള സൗകര്യവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലെ ഇടുങ്ങിയ റോഡും പട്ടണങ്ങളിലൂടെയുള്ള ഗതാഗതക്കുരുക്കും കാരണം മണിക്കൂറുകളോളം വൈകുന്ന യാത്രകൾ പുതിയ പാതയിലൂടെ ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഏറ്റവും തിരക്കേറിയ അതിർത്തി കവാടങ്ങളിലൊന്നാണ് സോനൗലി. ദിവസേന ആയിരക്കണക്കിന് വിനോദസഞ്ചാരികളും തീർഥാടകരും ചരക്കുവാഹനങ്ങളും ബസുകളും ഈ പാത ഉപയോഗിക്കുന്നു. പുതിയ ഹൈവേ യാഥാർഥ്യമാകുന്നതോടെ അതിർത്തിയിലേക്കുള്ള ചരക്കുനീക്കവും യാത്രക്കാരുടെ സഞ്ചാരവും കൂടുതൽ സുഗമമാകും.

ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ ദേശീയപാത നിർമ്മിക്കുന്നത്. ഒരു റെയ്ൽവേ പാലം, രണ്ട് ഫ്ലൈഓവറുകൾ, 24 അണ്ടർപാസുകൾ, 105 കലുങ്കുകൾ, 68 കിലോമീറ്റർ സർവീസ് റോഡുകൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്. കൂടാതെ അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്മെന്‍റ് സിസ്റ്റം, സിസിടിവി ക്യാമറകൾ, ഇലക്ട്രോണിക് സന്ദേശ ബോർഡുകൾ, അടിയന്തര കോൾ ബോക്സുകൾ, തത്സമയ ഗതാഗത നിരീക്ഷണ സംവിധാനം എന്നിവയും ഒരുക്കുന്നുണ്ട്. ഇതിലൂടെ യാത്ര കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമായി മാറും.

പദ്ധതി പൂർത്തിയാകുന്നതോടെ ഇന്ത്യ-നേപ്പാൾ സാമ്പത്തിക ബന്ധത്തിനും വിനോദസഞ്ചാര മേഖലയ്ക്കും വലിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ചരക്കുഗതാഗത സമയം കുറയുന്നതിനൊപ്പം ഇന്ധനച്ചെലവും കുറയും. അതിർത്തി പ്രദേശങ്ങളിലെ വ്യാപാരത്തിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ഇത് ഗുണകരമാകുമെന്നും ദേശീയപാത അതോറിറ്റി വിലയിരുത്തുന്നു. നിർമാണത്തിന്‍റെ അവസാനഘട്ടത്തിൽ എത്തിയ ഈ അന്താരാഷ്ട്ര ഹൈവേ ഉടൻ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്നാണ് റിപ്പോർട്ട്.

ഇനി തെരഞ്ഞെടുപ്പിലേക്കില്ല; വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

കുറ്റിപ്പുറത്ത് സ്വകാര്യ ബസ് അപകടം; എംവിഡി പോസ്റ്റ് ക്രാഷ് അന്വേഷണം ആരംഭിച്ചു, 5 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട്!

ലോകത്തെ നടുക്കിയ കൊടുംക്രൂരത; ഗർഭിണിയെ കൊന്ന് ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ടുപോയി

'അഭിഷേക് ശർമയുടെ ഫോമിൽ ആശങ്ക'; സഞ്ജുവിനോടുള്ള അവഗണനയിൽ പ്രതികരണവുമായി മുൻ ഇന്ത‍്യൻ താരം

എല്ലാ കണ്ണുകളും നിതിൻ ഗഡ്കരിയിലേക്ക്; ഇ20 പെട്രോളിനെതിരേ സോഷ‍്യൽ മീഡിയയിൽ പുതിയ മൂവ്മെന്‍റ്, ബിജെപിക്ക് വെല്ലുവിളി