ഉമർ ഖാലിദ്
ബെംഗളൂരു: ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ (എൻഎൽഎസ്ഐയു) പ്രദർശിപ്പിക്കാനുള്ള നീക്കം റദ്ദാക്കണമെന്ന് എബിവിപി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പരിപാടിയുമായി ബന്ധപ്പെട്ട് എൻഎൽഎസ്ഐയു അധികൃതർക്കെതിരേ ഉന്നതതല അന്വേഷണം നടത്തണമെന്നും സംഘടന കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര വിദ്യാഭ്യാസമന്ത്രി പ്രഹ്ലാദ് ജോഷി, നിയമ മന്ത്രാലയത്തിന്‍റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ എന്നിവർക്ക് നിവേദനം നൽകിയതായി എബിവിപി പ്രസ്താവനയിൽ അറിയിച്ചു.
ലളിത് വചാനി സംവിധാനം ചെയ്ത "പ്രിസണർ നമ്പർ 626710 ഈസ് പ്രസന്‍റ്" എന്ന ഡോക്യുമെന്‍ററിയുടെ പ്രദർശനം സുരക്ഷാ, ഭരണപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സംഘാടകർ അടുത്തിടെ മാറ്റിവച്ചിരുന്നു. പൊതുജന പ്രതിഷേധം തണുക്കുന്നതുവരെ പരിപാടി നീട്ടിവയ്ക്കാനുള്ള തന്ത്രമാണിതെന്ന് എബിവിപി ആരോപിച്ചു.
2016ലെ ജെഎൻയു വിവാദം, അഫ്സൽ ഗുരു അനുസ്മരണ പരിപാടികൾ, പൗരത്വ ഭേദഗതി നിയമം-ദേശീയ പൗരത്വ രജിസ്റ്റർ വിരുദ്ധ പ്രതിഷേധങ്ങൾ, 2020ലെ ഡൽഹി കലാപം എന്നിവയുമായി ബന്ധമുള്ള വ്യക്തിയുടെ പ്രചാരണത്തിനുള്ള വേദിയായി ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉപയോഗിക്കാനാകില്ലെന്ന് എബിവിപി പറഞ്ഞു. ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ നൽകിയ എല്ലാ അനുമതികളും സ്ഥിരമായി പിൻവലിക്കാൻ എൻഎൽഎസ്ഐയു അധികൃതർക്ക് കേന്ദ്രം നിർദേശം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.
പരിപാടിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് എൻഎൽഎസ്ഐയു ഭരണകൂടത്തിനും സംഘാടക സമിതിക്കുമെതിരേ സമഗ്ര അന്വേഷണം നടത്തണമെന്നും എബിവിപി ആവശ്യപ്പെട്ടു. കൂടാതെ വിദ്യാർഥി സംഘടനകൾ നൽകിയ പരാതികൾ അധികൃതർ അവഗണിച്ചുവെന്നും സംഘടന ആരോപിച്ചു.