ആഭ്യന്തര വനിത ക്രിക്കറ്റിൽ പ്രതിഫലം വർധിപ്പിച്ചു
ന്യൂഡൽഹി: ആഭ്യന്തര ക്രിക്കറ്റിൽ വനിത താരങ്ങളുടെയും മാച്ച് ഒഫീഷ്യലുകളുടെയും പ്രതിഫലം ഇരട്ടിയാക്കി വർധിപ്പിച്ച് ബിസിസിഐ. ഏകദിന ലോകകപ്പിൽ ഇന്ത്യൻ വനിത ടീം കിരീടമണിഞ്ഞതിന് പിന്നാലെയാണ് ബിസിസിഐയുടെ ഈ നീക്കം. ബോർഡിന്‍റെ അപെക്സ് കൗൺസിൽ വേതന വർധനവ് അംഗീകരിച്ചു. അത് പ്രകാരം ആഭ്യന്തര ടൂർണമെന്‍റ് കളിക്കുന്ന വനിത താരങ്ങൾക്ക് ഒരു ദിവസം 50,000 മുതൽ 60,000വരെ ലഭിക്കും. നേരത്തെ ഇത് 20,000 രൂപയായിരുന്നു.
സീനിയർ വനിതാ ഏകദിന ടൂർണമെന്‍റുകളിൽ ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങളിൽ ആദ്യ പതിനൊന്നിലുള്ള കളിക്കാർക്ക് പ്രതിദിനം 50,000 രൂപയും റിസർവിലുള്ളവർക്ക് 25,000 രൂപയും പ്രതിദിനം ലഭിക്കും.
ദേശീയ ട്വന്‍റി-20 ടൂർണമെന്‍റുകളിൽ ഓരോ മത്സര ദിവസത്തിനും 25000 രൂപ ലഭിക്കും. റിസർവിലുള്ളവർക്ക്12,500 രൂപ ലഭിക്കും. ജൂനിയർ വനിത താരങ്ങളുടെ പ്രതിഫലവും അപക്സ് കൗൺസിൽ വർധിപ്പിച്ചു. അണ്ടർ 23, അണ്ടർ-19 വിഭാഗങ്ങളിലെ കളിക്കാർക്ക് പ്രതിദിനം 25000 രൂപ ലഭിക്കും. റിസർവിലുള്ളവർക്ക് 12,500 രൂപ ലഭിക്കും. താരങ്ങൾക്ക് പുറമെ മാച്ച് ഒഫീഷ്യലുകളുടെ പ്രതിഫലത്തിലും വർധനയുണ്ട്.
ആഭ്യന്തര ടൂർണമെന്‍റുകളിലെ ലീഗ് മത്സരങ്ങൾക്ക് അമ്പയർമാർക്കും മാച്ച് റഫറിമാർക്കും പ്രതിദിനം 40,000 രൂപയാണ് വരുമാനം. നോക്കൗട്ട് മത്സരങ്ങൽക്ക് പ്രതിദിനം 50,000 രൂപ മുതൽ 60,000 രൂപ വരെ ലഭിക്കും. ഇതോടെ രഞ്ജി ട്രോഫി മത്സരങ്ങളിൽ അമ്പയർമാർക്ക് ഓരോ മത്സരത്തിനും 1.60 ലക്ഷം രൂപ ലഭിക്കും. നോക്കൗട്ട് മത്സരത്തിന് ആണെങ്കിൽ 2.5 ലക്ഷം രൂപ മുതൽ 3 ലക്ഷം വരെ ലഭിക്കും.