ട്രെയ്ൻ ടോയ്ലറ്റിൽ പാത്രങ്ങൾ കൊണ്ടുവച്ച ഐആർസിടിസി ജീവനക്കാരനും ടോയ്ലറ്റിൽ സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളും.
Truth on Track
ന്യൂഡൽഹി: മുംബൈയിൽ നിന്ന് എറണാകുളത്തേക്കുള്ള തുരന്തോ എക്സ്പ്രസിൽ യാത്രക്കാർക്കു ഭക്ഷണം വിളമ്പാനുള്ള പ്ലേറ്റുകളും കപ്പുകളും കഴുകുന്നതും സൂക്ഷിക്കുന്നതും ടൊയ്‌ലെറ്റിൽ. അടച്ചുവച്ച ക്ലോസെറ്റിനു മുകളിൽ പ്ലാസ്റ്റിക് ഡിഷിനുള്ളിൽ വച്ചിരിക്കുന്ന പാത്രങ്ങളുടെ ദൃശ്യം യാത്രക്കാൻ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
ദൃശ്യം വൈറലായതോടെ ഭക്ഷസുരക്ഷാ ഗുണനിലവാര അഥോറിറ്റി (എഫ്എസ്എസ്എഐ) ട്രെയ്‌നുകളിലെ ഭക്ഷണ വിതരണത്തിന്‍റെ ചുമതലയുളള ഇന്ത്യൻ റെയ്‌ൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനോട് (ഐആർസിടിസി) വിശദീകരണം തേടി. എന്നാൽ, ഐആർസിടിസിയോ റെയ്‌ൽവേയോ പ്രതികരിച്ചിട്ടില്ല.
12223 തുരന്തോ എക്സ്പ്രസിന്‍റെ ഫസ്റ്റ് എസി കോച്ചിലാണു സംഭവം. "ട്രൂത്ത് ഓൺ ട്രാക്ക്' എന്ന അക്കൗണ്ടിൽ പങ്കുവച്ച ദൃശ്യത്തിൽ ടൊയ്‌ലെറ്റ് സീറ്റിനു മുകളിൽ പാത്രങ്ങൾ വച്ചിരിക്കുന്നതും സമീപത്ത് ഐആർസിടിസി ജീവനക്കാരൻ നിൽക്കുന്നതും കാണാം.
"എന്താണ് ഈ ചെയ്യുന്നത്, ഇവിടെയാണോ പാത്രം വയ്ക്കുന്നത്' എന്നു യാത്രക്കാരൻ ചോദിക്കുമ്പോൾ ഐആർസിടിസി ജീവനക്കാരൻ ഉത്തരമില്ലാതെ നിൽക്കുകയാണ്. ടൊയ്‌ലെറ്റിനു പുറത്തുനിൽക്കുന്ന അറ്റൻഡന്‍റിനോട് ഇതൊന്നും കാണുന്നില്ലേ എന്നു യാത്രക്കാരൻ ചോദിക്കുമ്പോൾ ഇപ്പോളാണ് കാണുന്നതെന്ന് മറപടി.
"നിങ്ങൾ തുരന്തോ എക്സ്പ്രസിലെ അറ്റൻഡന്‍റാണ്. ടൊയ്‌ലെറ്റിലാണു പാത്രം കഴുകുന്നതെന്ന് നിങ്ങൾക്ക് അറിയില്ലെന്നാണോ? ഈ പാത്രത്തിലാണോ ഭക്ഷണം വിളമ്പുന്നത്''- യാത്രക്കാരൻ വീണ്ടും ചോദിക്കുന്നു.
താൻ കണ്ടില്ലെന്നും ആളുകൾ സാധാരണ ഇവിടെയാണ് കഴുകുന്നതെന്നും ടൊയ്‌ലെറ്റിനു പുറത്തേക്ക് ചൂണ്ടി അറ്റൻഡന്‍റ് പറയുന്നുണ്ട്. വിഡിയൊ വൈറലായതോടെയാണ് എഫ്എസ്എസ്എഐ വിശദീകരണം തേടിയത്.