തെരഞ്ഞെടുപ്പു കമ്മിഷൻ 
India

ഇരട്ട വോട്ടർ ഐഡി കാർഡ്; 3 മാസത്തിനകം പരിഹാരം കാണുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

വീട് തോറും കയറിയുള്ള സ്ഥിരീകരണത്തിനും വിശദമായ പരിശോധനകൾക്കും കരട് വോട്ടർ പട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

തിരുവനന്തപുരം: ഒരേ നമ്പറുള്ള വോട്ടർ ഐഡി കാർഡ് പല വോട്ടർമാർക്കും നൽകിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ മൂന്ന് മാസത്തിനകം പരിഹാരം കാണുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ട വോട്ടർ ഐഡി കാർഡ് നമ്പർ ഉള്ള വോട്ടർമാർക്ക് അടുത്ത മൂന്ന് മാസത്തിനുള്ളിൽ യുണീക്ക് വോട്ടർ ഐഡി കാർഡ് നമ്പർ ലഭ്യമാക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ഭാവിയിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നവർക്കും ഇത്തരത്തിൽ യുണീക്ക് നമ്പർ ഉറപ്പാക്കുമെന്നും കമ്മീഷൻ അറിയിച്ചു.

ഇരട്ട വോട്ടർ ഐഡി നമ്പർ കിട്ടിയവരും യഥാർഥ വോട്ടർമാർ തന്നെയാണെന്നു കമ്മീഷൻ അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. വോട്ടർ ഐഡി സീരീസ് അനുവദിച്ചപ്പോൾ ചില രജിസ്‌ട്രേഷൻ ഓഫീസർമാർ തെറ്റായ സീരീസ് നൽകിയതാണ് പിഴവിന് കാരണം. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അവരവരുടെ വോട്ടർ പട്ടിക സ്വതന്ത്രമായി കൈകാര്യം ചെയ്തിരുന്നത് കൊണ്ടാണ് ഇതുവരെ പിശക് കണ്ടുപിടിക്കപ്പെടാതെ പോയത്.

സാങ്കേതിക വിദഗ്ധരുമായി ചർച്ച നടത്തി ഇതിന് പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്നു കമ്മീഷൻ അറിയിച്ചു. വോട്ടർ ഐഡി നമ്പർ ഏതാണെങ്കിലും, ഒരു പോളിങ് സ്റ്റേഷനിലെ വോട്ടർ പട്ടികയിൽ പേരുള്ള വോട്ടർക്ക് അവിടെ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

വിശദമായ പ്രക്രിയയിലൂടെയാണ് കമ്മീഷൻ വോട്ടർ പട്ടിക തയ്യാറാക്കുന്നതും അന്തിമമാക്കുന്നതും. രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന ബൂത്ത് ഏജൻറുമാർക്ക് വോട്ടർ പട്ടിക പരിശോധിക്കാം. വീട് തോറും കയറിയുള്ള സ്ഥിരീകരണത്തിനും വിശദമായ പരിശോധനകൾക്കും കരട് വോട്ടർ പട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. പരാതികൾ അറിയിക്കാൻ ഒരു മാസത്തെ സമയവും അനുവദിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ അപാകത ഉണ്ടെന്ന് പരാതിയുണ്ടെങ്കിൽ, ജില്ലാ മജിസ്‌ട്രേട്ടിനോ ജില്ലാ കലക്ടർക്കോ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിനോ അപ്പീൽ നൽകാൻ അവസരമുണ്ട്. തീരുമാനം തൃപ്തികരമല്ലെങ്കിൽ അതാത് സംസ്ഥാനത്തിന്‍റെയോ കേന്ദ്രഭരണപ്രദേശത്തിന്‍റെയോ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകാനും സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ