കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സൈന്യം
representative image
ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഉദ്ദംപൂർ ജില്ലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ജില്ലയിലെ മാജൾട്ട മേഖലയിൽ ഭീകരർ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് കരസേനയും സിആർപിഎഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. തുടർന്ന് നടന്ന കനത്ത വെടിവയ്പ്പിലാണ് ഭീകരർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരുടെ പേരുവിവരം സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് സുരക്ഷാസേനയുടെ പരിശോധന തുടരുകയാണ്.
രജൗരിയിൽ ലഷ്കർ ഇ തൊയ്ബയുമായി ബന്ധമുള്ളവരെ പിടികൂടിയതിനു പിന്നാലെ പീർ പാഞ്ചൽ മേഖലയിൽ സുരക്ഷ ശക്തിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സെപ്റ്റംബർ 15നാണ് പീർ പാഞ്ചൽ മേഖലയിൽ നിന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടോയെന്ന് അറിയാൻ വ്യാപകമായ പരിശോധന നടത്തിവരികയായിരുന്നു.