മഹാരാഷ്ട്ര മന്ത്രിസഭ ഇന്ന് സ്ഥാനമേൽക്കും; ഫഡ്നാവിസ് മുഖ്യമന്ത്രി 
India

മഹാരാഷ്ട്ര മന്ത്രിസഭ ഇന്ന് സ്ഥാനമേൽക്കും; ഫഡ്നാവിസ് മുഖ്യമന്ത്രി

ഫഡ്നാവിസിന് മൂന്നാമൂഴം

മുംബൈ: മഹാരാഷ്‌ട്രയിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നേതൃത്വത്തിലുള്ള മഹായുതി മന്ത്രിസഭ ഇന്ന് അധികാരമേൽക്കും. വൈകിട്ട് 5.30നു മുംബൈയിലെ ആസാദ് മൈതാനിൽ നടക്കുന്ന ചടങ്ങിൽ എൻസിപി നേതാവ് അജിത് പവാർ ഉൾപ്പെടെ രണ്ട് ഉപമുഖ്യമന്ത്രിമാരും സ്ഥാനമേൽക്കും. ഇപ്പോഴത്തെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയായിരിക്കും ശിവസേനാ പ്രതിനിധിയായി ഉപമുഖ്യമന്ത്രിയാകുക എന്നാണു സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കും.

എന്നാൽ, താൻ മന്ത്രിസഭയിൽ ചേരുമോ എന്നതിൽ ഷിൻഡെ ഇനിയും വ്യക്തത വരുത്തിയില്ല. പിന്നീടു പറയാമെന്നാണ് ഇന്നലെ ഫഡ്നാവിസിനും അജിത് പവാറിനുമൊപ്പം രാജ്ഭവനിൽ മാധ്യമങ്ങളെ കണ്ടപ്പോഴും ഷിൻഡെയുടെ മറുപടി. രണ്ടര വർഷം ഫഡ്നാവിസ് തനിക്കു പിന്തുണ നൽകിയതുപോലെ ഇനിയുള്ള കാലം താൻ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും ഷിൻഡെ പറഞ്ഞു. ഉപമുഖ്യമന്ത്രിസ്ഥാനം സ്വീകരിക്കാൻ താൻ അഭ്യർഥിച്ചിട്ടുണ്ടെന്നു ഫഡ്നാവിസ് പറഞ്ഞു.

നേരത്തേ, കേന്ദ്ര മന്ത്രി നിർമല സീതാരാമന്‍റെയും ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെയും സാന്നിധ്യത്തിൽ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ ഫഡ്നാവിസിനെ നേതാവായി തെരഞ്ഞെടുത്തിരുന്നു. തുടർന്ന് ഫഡ്നാവിസും ഷിൻഡെയും അജിത് പവാറും ചേർന്നു ഗവർണർ സി.പി. രാധാകൃഷ്ണനെ കണ്ടു മന്ത്രിസഭ രൂപീകരിക്കാൻ അവകാശമുന്നയിച്ചിരുന്നു. മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ചു ബിജെപിയിൽ ഏകദേശ ധാരണയായെന്നാണു റിപ്പോർട്ട്. എന്നാൽ, ശിവസേനയിലും എൻസിപിയും ഇക്കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്. ശിവസേന ആവശ്യപ്പെട്ടെങ്കിലും ആഭ്യന്തരം ബിജെപി നിലനിർത്തുമെന്നാണു സൂചന.

ഫഡ്നാവിസിന് മൂന്നാമൂഴം

മഹാരാഷ്‌ട്രയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായ ഫഡ്നാവിസ് ഇതു മൂന്നാം തവണയാണ് ഈ സ്ഥാനത്തെത്തുന്നത്. 2014ൽ നാൽപ്പത്തിനാലാം വയസിലായിരുന്നു ആദ്യ ഊഴം. അവിഭക്ത ശിവസേനയുമായി സഖ്യമുണ്ടാക്കി ഭരിച്ച അഞ്ചുവർഷത്തിനുശേഷം തെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ഉദ്ധവ് താക്കറെ മറുപക്ഷത്തേക്കു കൂറുമാറിയതോടെ ബിജെപിക്കു ഭരണം നഷ്ടമായി. ഇതിനിടെ അജിത് പവാറിനെ ഒപ്പം നിർത്തി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഫഡ്നാവിസിന് പക്ഷേ, എൻസിപി പിന്മാറിയതിനാൽ അഞ്ചു ദിവസത്തിനുശേഷം രാജിവയ്ക്കേണ്ടിവന്നു. 2022ൽ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ പിളർന്നെത്തിയ ശിവസേനാ പക്ഷത്തിന് മുഖ്യമന്ത്രി സ്ഥാനം നൽകി ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ ബിജെപിയുടെ വൻ മുന്നേറ്റത്തോടെയാണ് ഭരണനേതൃത്വത്തിൽ തിരിച്ചെത്തുന്നത്.

"ഇന്ത്യയിൽ നിർമിച്ച ആദ്യ സെമികണ്ടക്‌റ്റർ ചിപ്പ് വർഷാവസാനത്തോടെ വിപണിയിലെത്തും"; പ്രധാനമന്ത്രി

ഇടമലക്കുടിയിൽ പനിബാധിച്ച് 5 വയസുകാരൻ മരിച്ചു

കോഴിക്കോട്ട് ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

പേപ്പർ മില്ലിലെ യന്ത്രത്തിൽ കുരുങ്ങി പരുക്കേറ്റ യുവതിക്ക് ദാരുണാന്ത്യം

മുബൈയിൽ ട്രെയിനിലെ ശുചിമുറിയിൽ നാലുവയസുകാരന്‍റെ മൃതദേഹം; അന്വേഷണം ആരംഭിച്ചു