ജയ്പൂരിൽ മുൻ ഐഎഎസ് ഓഫിസർക്ക് ബസിൽ വെച്ച് കണ്ടക്‌ടറുടെ ക്രൂര മർദനം. കഴിഞ്ഞ വെളളിയാഴ്ചയാണ് സംഭവം നടന്നത്. ഐഎഎസ് ഓഫിസർക്ക് ഇറങ്ങേണ്ട ബസ് സ്റ്റോപ്പ് മാറിപോയതിനാൽ അടുത്ത ബസ് സ്റ്റോപ്പ് വരെ യാത്ര ചെയ്യുന്നതിന് പത്ത് രൂപ അധികമായി നൽകണമെന്ന് കണ്ടകടർ ഐഎഎസ് ഓഫിസറായ ആർ.എൽ. മീനയോട് ആവശ്യപ്പെടുകയായിരുന്നു. ബസ് സ്റ്റോപ്പാവുമ്പോള്‍ അറിയിക്കണമെന്ന് കണ്ടക്ടറോട് പറഞ്ഞിരുന്നുവെങ്കിലും ഇയാള്‍ മീനയെ അറിയിച്ചിരുന്നില്ല.
അടുത്ത ബസ് സ്റ്റോപ്പില്‍ ബസ് എത്തിയപ്പോഴേക്കും തന്‍റെ സ്റ്റോപ്പ് മാറിയെന്നറിഞ്ഞ മീന കണ്ടക്ടറുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഇതോടെ പത്ത് രൂപ കൂടുതല്‍ വേണമെന്ന് കണ്ടക്ടര്‍ പറയുകയും മീനയെ തള്ളുകയും ചെയ്തു.
പിന്നാലെ മീന കണ്ടക്ടറെ അടിച്ചു. തുടര്‍ന്ന് കണ്ടക്ടര്‍ 75 വയസുള്ള മീനയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഘനശ്യാം ശര്‍മ എന്ന യുവാവാണ് മര്‍ദിച്ചത്.
യുവാവിനെതിരെ മീന പൊലിസില്‍ പരാതി നല്‍കി. പിന്നാലെ ജയ്പൂര്‍ സിറ്റി ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ലിമിറ്റഡ് ഘനശ്യാമിനെ സസ്പെന്‍ഡ് ചെയ്തു.