രാജ്യത്ത് നാല് പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ; നിയമനക്കത്ത് ഉറപ്പാക്കും
ന്യൂഡൽഹി: രാജ്യത്ത് നാലു പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. നിലവിലുള്ള 29 തൊഴിൽ നിയമങ്ങൾ ക്രമപ്പെടുത്തിയാണ് 2019ലെ വേതന കോഡ്, 2020ലെ വ്യവസായ ബന്ധ കോഡ്, സാമൂഹിക സുരക്ഷാ കോഡ്, തൊഴിലിട സുരക്ഷാ, ആരോഗ്യ, തൊഴിൽ സാഹചര്യ കോഡ് എന്നിവ നടപ്പാക്കിയതെന്നു തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ.
പുതിയ വ്യവസ്ഥ പ്രകാരം, നിശ്ചിതകാല ജീവനക്കാർ ഒരു വർഷത്തിനുശേഷം ഗ്രാറ്റുവിറ്റിക്ക് അർഹരാകും. ഇപ്പോഴിത് അഞ്ചു വർഷമാണ്. കരാർ ജീവനക്കാർക്ക് വാർഷിക ആരോഗ്യ പരിശോധന, എംഎസ്എംഇകളിലും സാമൂഹിക സുരക്ഷാ പരിരക്ഷ, ഗിഗ് തൊഴിലാളികൾക്ക് ആദ്യമായി ഔപചാരിക അംഗീകാരം, വ്യക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ, സമയബന്ധിതമായ വേതന പേയ്‌മെന്‍റ് ഗ്യാരണ്ടികൾ, തുല്യ ജോലിക്ക് തുല്യ വേതനം, ലിംഗവിവേചനത്തിന് നിരോധനം തുടങ്ങിയ നിർദേശങ്ങളും പുതിയ നിയമങ്ങളിലുണ്ട്. ഖനികൾ, കൂറ്റൻ യന്ത്രങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകൾക്ക് രാത്രി ഡ്യൂട്ടി ഏർപ്പെടുത്താം.
എന്നാൽ അത് സമ്മതത്തോടെയായിരിക്കണമെന്നതാണ് മറ്റൊരു വ്യവസ്ഥ. മതിയായ സുരക്ഷ ഉറപ്പാക്കുകയും വേണം. മുഴുവൻ തൊഴിലാളികൾക്കും നിയമനപത്രം ഉൾപ്പെടെ ഉറപ്പാക്കാനും പുതിയ നിയമത്തിൽ നിർദേശിക്കുന്നു. സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും സമഗ്രവും പുരോഗമനപരവുമായ തൊഴിൽ സൗഹൃദ പരിഷ്കാരങ്ങളിലൊന്നാണിതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.