മതപരിവർത്തന നിരോധന നിയമങ്ങൾക്കെതിരായ ഹർജികളിൽ സുപ്രീം കോടതി സംസ്ഥാനങ്ങളുടെ നിലപാട് തേടി
file image
ന്യൂഡൽഹി: മതപരിവർത്തന നിരോധന നിയമങ്ങൾക്കെതിരേ സമർപ്പിക്കപ്പെട്ട ഹർജികളിൽ സുപ്രീം കോടതി സംസ്ഥാനങ്ങളുടെ നിലപാട് തേടി. ബന്ധപ്പെട്ട സംസ്ഥാനങ്ങൾ നാലാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം. തുടർന്നുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ ഹർജിക്കാർക്ക് ഇതിനുള്ള മറുപടി നൽകാം. അതിനുശേഷം കേസ് വീണ്ടും പരിഗണിക്കും.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക തുടങ്ങി സംസ്ഥാനങ്ങളിലെ മതപരിവർത്തന നിരോധന നിയമങ്ങൾക്കെതിരേയുള്ള ഹർജികളിലാണു നടപടി. ഈ നിയമങ്ങൾ കിരാതമാണെന്നും അടിയന്തര സ്റ്റേ വേണമെന്നുമാണ് ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.യു. സിങ്ങിന്‍റെ വാദം.
വ്യത്യസ്ത മതവിശ്വാസം പിന്തുടരുന്നവർ വിവാഹിതരായാൽ ജാമ്യം കിട്ടാത്ത സ്ഥിതിയുണ്ടെന്നും സിങ് പറഞ്ഞു. എന്നാൽ, നിയമം പാസാക്കി മൂന്നും നാലും വർഷത്തിനുശേഷം പെട്ടെന്നു ഹർജിയുമായി വരുന്നതിൽ പൊരുത്തക്കേടുണ്ടെന്നു സംസ്ഥാനങ്ങൾക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് ചൂണ്ടിക്കാട്ടി. അഡ്വ. സൃഷ്ടിയെ ഹർജിക്കാരുടെയും അഡ്വ. രുചിരയെ സംസ്ഥാനങ്ങളുടെയും നോഡൽ അഭിഭാഷകരായി കോടതി നിയമിച്ചു.