ജൂനിയർ ഗുസ്തി താരങ്ങൾ പ്രതിഷേധിക്കുന്നു 
India

ഗുസ്തിയിൽ പുതിയ ട്വിസ്റ്റ്; സമരം നടത്തിയ ഗുസ്തി താരങ്ങൾക്കെതിരേ പ്രതിഷേധം

ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി തുടങ്ങിയവിടങ്ങളിൽ നിന്ന് നിരവധി ഗുസ്തിക്കാരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിൽ എത്തിയത്.

ന്യൂഡൽഹി: സമരം നടത്തിയ ഗുസ്തി താരങ്ങൾക്കെതിരേ പ്രതിഷേധവുമായി ജൂനിയർ ഗുസ്തിക്കാർ. ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള സമരത്തിലൂടെ തങ്ങളുടെ കരിയറിലെ വിലപ്പെട്ട ദിനങ്ങൾ നഷ്ടമാക്കിയെന്നാരോപിച്ച് സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പൂനിയ എന്നിവർക്കെതിരേ നൂറു കണക്കിന് ജൂനിയർ ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ തടിച്ചു കൂടി. ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി തുടങ്ങിയവിടങ്ങളിൽ നിന്ന് നിരവധി ഗുസ്തിക്കാരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിൽ എത്തിയത്.

പുരസ്കാരങ്ങൾ തിരിച്ചു നൽകി ഫോഗട്ടും പൂനിയയും അടക്കമുള്ള താരങ്ങൾ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള പ്രതിഷേധം തുടരുന്നതിനിടെയാണ് ജൂനിയർ താരങ്ങൾ ഇവർക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. ഒരു വർഷം മുൻപ് സാക്ഷി മാലികും മറ്റു ഗുസ്തി താരങ്ങളും സമരം നടത്തിയ അതേ സ്ഥലത്താണ് ഇപ്പോൾ അവർക്കെതിരേ മുദ്രാവാക്യവുമായി ജൂനിയർ ഗുസ്തിക്കാർ എത്തിയിരിക്കുന്നത്. സാക്ഷി, ഫോഗട്ട്, പൂനിയ എന്നീ മൂന്നു ഗുസ്തിക്കാരിൽ നിന്ന് ഗുസ്തിയെ രക്ഷിക്കൂ എന്ന ബാനറുകളും ഇവർ ഏന്തിയിട്ടുണ്ട്.

ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരേ ലൈംഗികാരോപണം ഉയർന്നതോടെയാണ് താരങ്ങൾ നീതി ആവശ്യപ്പെട്ട് സമരം ആരംഭിച്ചത്. 2021 ജനുവരി മുതൽ ഇക്കാരണത്താൽ ദേശീയ ഗുസ്തി ഫെഡറേഷൻ കടത്തു പ്രതിസന്ധിയിലായിരുന്നു. ഒരു വർഷത്തോളമായി ദേശീയ ക്യാംപുകളും മത്സരങ്ങളും ഗുസ്തി ഫെഡറേഷൻ നടത്തിയിട്ടില്ല. പുതിയ ഭരണസമിതി അധികാരത്തിലേറിയെങ്കിലും ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്‍റെ വിശ്വസ്തൻ ആണെന്ന ആരോപണം ഉയർന്നിരുന്നു. അധികാരത്തിലേറിയ ഉടനെ ഈ ഭരണസമിതിയെ സർക്കാർ സസ്പെൻഡ് ചെയ്തു.

പുതിയ അഡ്ഹോക് പാനലിനെയാണ് ഇപ്പോൾ ഗുസ്തി ഫെഡറേഷന്‍റെ നടത്തിപ്പിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അഡ്ഹോക് പാനൽ പിരിച്ചുവിടണമെന്നും ഭരണസമിതിക്കു മേലുള്ള സസ്പെൻഷൻ പിൻവലിക്കണമെന്നുമാണ് ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ജൂനിയർ താരങ്ങളുടെ ആവശ്യം.

പകർപ്പവകാശ ലംഘനം നടത്തി, നഷ്ടപരിഹാരം വേണം; അജിത് സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ

അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കും

നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

ഓണക്കാലത്ത് റെക്കോഡ് വിൽപ്പനയുമായി മിൽമ

കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; അമ്മയുടെ മടിയിൽ കിടന്ന് 10 വയസുകാരൻ മരിച്ചു