ഇന്ത്യയിലെ ജർമൻ അംബാസഡർ ഫിലിപ് ആക്കർമാൻ.
File Photo
ന്യൂഡൽഹി: ഇന്ത്യൻ കുടിയേറ്റക്കാരെ ജർമനിയിലേക്കു സ്വാഗതം ചെയ്ത് ഇന്ത്യയിലെ ജർമൻ അംബാസഡർ ഫിലിപ്പ് ആക്കർമാൻ. വിദഗ്ധ തൊഴിൽ മേഖലകളിലേക്ക് ഇന്ത്യക്കാരെ സ്വാഗതം ചെയ്തുകൊണ്ടുള്ള വീഡിയോ തന്നെയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജർമനിയിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്നത് ഇന്ത്യക്കാരാണെന്നും, ജർമനിക്കാരുടേതിനെക്കാൾ കൂടുതലാണ് ജർമനിയിലെ ഇന്ത്യക്കാരുടെ ശരാശരി വരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഏറ്റവും മികച്ച ആളുകൾക്ക് ഏറ്റവും മികച്ച ജോലി എന്നതാണ് ജർമനിയുടെ നയമെന്നും ആക്കർമാൻ.
ജർമൻ കാറുകളെപ്പോലെ വിശ്വസനീയവും ആധുനികവുമാണ് ജർമനിയുടെ കുടിയേറ്റ നയമെന്നും, ഒറ്റ രാത്രികൊണ്ടുള്ള മലക്കം മറിച്ചിലുകൾ അതിലുണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പ് നൽകുന്നു.
ആക്കർമാന്‍റെ വാക്കുകളിലേക്ക്:
''ജർമനിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെക്കുറിച്ചു സംസാരിക്കാൻ പറ്റിയ സമയമാണിത്. ജർമനിയിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്നവരുടെ കൂട്ടത്തിലാണ് ഇന്ത്യക്കാർ. ജർമനിയിൽ ജോലി ചെയ്യുന്ന ജർമനിക്കാരെക്കാൾ കൂടുതലാണ്, ജർമനിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ശരാശരി വരുമാനം.
അതു വളരെ നല്ലൊരു കാര്യമാണ്. ഇന്ത്യക്കാർക്ക് ഉയർന്ന ശമ്പളം കിട്ടുന്നു എന്നതിനർഥം ജർമൻ സമൂഹത്തിനും ക്ഷേമത്തിനും ഇന്ത്യക്കാർ വലിയ സംഭാവനകൾ ചെയ്യുന്നു എന്നാണ്. ഞങ്ങൾ കഠിനാധ്വാനത്തിൽ വിശ്വസിക്കുന്നു. ഏറ്റവും മികച്ചവർക്ക് ഏറ്റവും മികച്ച ജോലികൾ നൽകണം എന്നും ഞങ്ങൾ വിശ്വസിക്കുന്നു.
ഞങ്ങളുടെ കുടിയേറ്റ നയം ഏറെക്കുറെ ജർമൻ കാറുകളെപ്പോലെയാണ് പ്രവർത്തിക്കുന്നത്. അത് വിശ്വസനീയമാണ്, അത് ആധുനികമാണ്, അത് പ്രവചിക്കാവുന്നതുമാണ്. ഏറ്റക്കുറച്ചിലുകളില്ലാത്ത നേർരേഖയിലാണ് അതിന്‍റെ സഞ്ചാരം. ഉയർന്ന വേഗത്തിൽ സഡൻ ബ്രേക്ക് വീഴുമെന്ന പേടി വേണ്ട. ഞങ്ങളുടെ ചട്ടങ്ങളിൽ ഒറ്റ രാത്രികൊണ്ട് അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തില്ല.
ഇന്ത്യക്കാർക്ക് ജർമനിയിലേക്കു സ്വാഗതം. ജർമനി നിങ്ങൾക്കെന്താണ് വാഗ്ദാനം ചെയ്യുന്നതു നോക്കൂ.''