മേഘരാജും ഭാര്യമാരും മക്കളും
സൂറത്ത്: കുടുംബപാരമ്പര്യം പിന്തുടർന്ന് രണ്ട് സ്ത്രീകളെ വിവാഹം കഴിച്ച് ഗുജറാത്തി യുവാവ്. പ്രണയ വിവാഹം പോലും ഇപ്പോഴും അസ്വീകാര്യമായ ഗുജറാത്തിലെ നവസാരി ജില്ലയിലാണ് 36കാരനായ മേഘരാജ് ദേശ്മുഖ് രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തന്‍റെ കുടുംബത്തിലെ പുരുഷന്മാർക്കെല്ലാം രണ്ട് ഭാര്യമാരുണ്ടായിരുന്നെന്നും മുത്തച്ഛന്‍റെയും പിതാവിന്‍റെയും പാരമ്പര്യം പിന്തുടർന്നാണ് രണ്ടു വിവാഹം കഴിച്ചതെന്നുമാണ് മേഘരാജിന്‍റെ അവകാശവാദം.
രണ്ട് പെൺകുട്ടികളെ വിവാഹം കഴിക്കുന്നത് ഈ മേഖലയിൽ അസാധാരണ കാര്യമല്ല. ചിലപ്പോൾ പുരുഷന്മാർ വിവാഹത്തിനു മുൻപേ തന്നെ രണ്ട് സ്ത്രീകൾക്കൊപ്പം താമസം തുടങ്ങിയിരിക്കും. എങ്കിലും സാമ്പത്തികമായി സുരക്ഷിതത്വം നേടിയതിനു ശേഷം മാത്രമേ ഇവരെ വിവാഹം കഴിക്കുകയുള്ളൂ. ഇതേ രീതിയാണ് മേഘരാജും പിന്തുടർന്നിരിക്കുന്നത്. ഒരാണും രണ്ടു പെണ്ണും ചേർത്ത് കുടുംബമായി ഒരുമിച്ച് ജീവിക്കുന്നതാണ് വിവാഹമെന്ന് മേഘരാജ് പറയുന്നു. വിവാഹം കഴിഞ്ഞ 16 വർഷമായി കാജലിനൊപ്പമായിരുന്നു മേഘരാജ് താമസിച്ചിരുന്നത്. പിന്നീടാണ് രേഖയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.
പത്തു വർഷത്തോളമായി രേഖയും കാജലും മേഘരാജും ഒന്നിച്ചാണ് കുടുംബകാര്യവും വ്യവസായവും എല്ലാം കൈകാര്യം ചെയ്യുന്നത്. ഒടുവിൽ സാമ്പത്തികമായി സുരക്ഷിതത്വം നേടിയെന്ന് തോന്നിയപ്പോൾ 2500 പേർ പങ്കെടുത്ത ചടങ്ങിൽ വച്ച് മേഘരാജ് ഇരുവരെയും വിവാഹം കഴിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് വിവാഹ ആഘോഷങ്ങൾ ആരംഭിച്ചത്. കാജലിൽ മേഘരാജിന് രണ്ട് മക്കളുണ്ട്. രേഖയിൽ ഒരു മകനും. കാജലിനെ വീട്ടുകാർ പരസ്പരം പറഞ്ഞുറപ്പിച്ചാണ് മേഘരാജിന്‍റെ ജീവിതത്തിലേക്ക് കൊണ്ടു വന്നതെങ്കിൽ രേഖയുമായി അപ്രതീക്ഷിതമായി അടുപ്പം ഉടലെടുക്കുകയായിരുന്നു. ഞാൻ കാജലിനെ സ്നേഹിച്ചിരുന്നു. അതിനൊപ്പം തന്നെ രേഖയോട് സൗഹൃദവുമുണ്ടായി. രണ്ടു പേരോടും ഞാനിക്കാര്യം തുറന്നു പറഞ്ഞിരുന്നു. അവരിരുവരും തന്‍റെ വീട്ടിൽ സഹോദരിമാരേപ്പോലെയാണ് താമസിക്കുന്നതെന്നും മേഘരാജ് പറയുന്നു. മേഘരാജിന്‍റെ മുത്തച്ഛന് നവൽ സുക്രി, കമു എന്നീ ഭാര്യമാരാണ് ഉണ്ടായിരുന്നത്. പിതാവ് റാമിന് ഭാര്യമാരായി വനിതയും ചന്ദയുമുണ്ടായിരുന്നു. എല്ലാവരും ഒന്നിച്ച് കൂട്ടുകുടുംബമായാണ് താമസിക്കുന്നതെന്നും മേഘരാജ് പറയുന്നു.