ഗുജറാത്ത് വിമാനാപകടം: 275 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം
ന്യൂഡൽഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ 275 പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ഗുജറാത്ത് ആരോഗ്യ വകുപ്പ്. മലയാളിയായ രഞ്ജിത ഉൾപ്പടെ വിദേശികളും സ്വദേശികളുമായി വിമാനത്തിലുണ്ടായിരുന്ന 241 പേരും ഇടിച്ചിറങ്ങിയ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്ന 34 പേരുമാണ് മരിച്ചത്. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്.
കൊല്ലപ്പെട്ടവരില്‍ 120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളുമാണ്. യാത്രക്കാരിൽ 169 പേര്‍ ഇന്ത്യക്കാരും, 53 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരുമാണ്. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. 260 പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധന വഴിയും, 6 പേരെ മുഖം കണ്ടും തിരിച്ചറിഞ്ഞു. 256 മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി. ശേഷിക്കുന്ന മൃതദേഹങ്ങളുടെ ഡിഎന്‍എ തിരിച്ചറിയല്‍ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
ജൂണ്‍ 12 നാണ് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ബോയിങ് ഡ്രീംലൈനര്‍ വിമാനം പറന്ന് സെക്കന്‍റുകൾക്കുള്ളിൽ സമീപത്തുള്ള മെഡിക്കല്‍ കോളെജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരില്‍ ഒരു യാത്രക്കാരനൊഴികെ മറ്റെല്ലാവരും ദുരന്തത്തിൽ മരിച്ചു. അതേസമയം, അപകടകാരണം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്‌സ് പരിശോധന നടന്നുകൊണ്ടിരിക്കയാണ്. ഇതിനു ശേഷമാവും അപകടത്തിൽ കൂടുതൽ വ്യക്തത വരിക.