പങ്കാളിയെ ആശ്രയിക്കാതെ വിവാഹബന്ധത്തിൽ തുടരാൻ സാധിക്കില്ല: സുപ്രീം കോടതി
file image
ന്യൂഡൽഹി: പങ്കാളിയെ ആശ്രയിക്കാതെ വിവാഹ ബന്ധത്തിൽ തുടരാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. അത്തരത്തിൽ ആശ്രയിക്കാതെ ജീവിക്കാനാണ് താത്പര്യമെന്നുള്ളവർ വിവാഹത്തിലേക്ക് കടക്കരുതെന്നും ജസ്റ്റിസ് ബി വി നാഗരത്ന, ആർ മഹാദേവൻ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. രണ്ട് കുട്ടികളുള്ള ദമ്പതികളുടെ കേസ് കേൾക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. രണ്ട് വ്യക്തികളും അവരുടെ മനസുകളും ഒരുമിച്ചു ചേരുന്നതാണ് വിവാഹം. അവിടെ എങ്ങനെയാണ് പരസ്പരം സ്വതന്ത്രരായി നിൽക്കാൻ സാധിക്കുക. വിവാഹബന്ധത്തിൽ തുടരുന്ന കാലത്തോളം ഭാര്യക്കോ ഭർത്താവിനോ പങ്കാളിയിൽ ആശ്രയിക്കാതെ തുടരണമെന്നത് അസാധ്യമാണെന്നത് വ്യക്തമാണെന്നും കോടതി പറഞ്ഞു. പരസ്പരമുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കണമെന്നും ദമ്പതികൾ തമ്മിലുള്ള പ്രശ്നം മൂലം കുടുംബം തകരുന്നുവെങ്കിൽ ആ കുടുംബത്തിലെ കുട്ടികൾ എന്തു തെറ്റു ചെയ്തുവെന്നും കോടതി ചോദിച്ചു. സിംഗപ്പൂരിൽ ജോലിയുള്ളവരായിരുന്നു ഭാര്യയും ഭർത്താവും.
എന്നാൽ മക്കളുമായി ഇന്ത്യയിലേക്ക് മടങ്ങിയ യുവതി പിന്നീട് സിംഗപ്പൂരിലേക്ക് പോകാൻ തയാറായിട്ടില്ല.സിംഗപ്പൂരിൽ ഉണ്ടായിരുന്നപ്പോൾ ഭർത്താവിന്‍റെ ചില പ്രവൃത്തികൾ മൂലം തിരിച്ചു പോകുകയെന്നത് ബുദ്ധിമുട്ടേറിയ പ്രക്രിയയായി മാറിയിരിക്കുന്നുവെന്നാണ് യുവതി കോടതിയെ അറിയിച്ചത്. തിരിച്ചു പോയാൽ നിങ്ങൾക്കവിടെ നല്ല ജോലി ലഭിക്കും. ഒരു പക്ഷേ ജോലി ലഭിച്ചില്ലെങ്കിൽ പോലും ഭർത്താവ് നിങ്ങളെയും കുട്ടികളെയും നോക്കാൻ ബാധ്യസ്ഥനാണ്.
അതിനായി ഭർത്താവിനോട് കുറച്ച് പണം ഭാര്യയുടെയും കുട്ടികളുടെയും പേരിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടാം എന്ന് കോടതി പറഞ്ഞപ്പോഴാണ് യുവതി തനിക്കാരെയും ആശ്രയിക്കാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയത്. സാമ്പത്തികമായി നിങ്ങൾ ആശ്രയിക്കില്ലായിരിക്കാം പക്ഷേ വൈകാരികമായി എങ്ങനെയാണ് ആശ്രയിക്കാതിരിക്കാൻ സാധിക്കുകയെന്നും കോടതി ചോദിച്ചു.