കൊവിഡ് കേസുകൾ കുറയുന്നു; രാജ്യത്ത് 5,976 കേസുകൾ; 24 മണിക്കൂറിനിടെ കേരളത്തിൽ ഒരു മരണം
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം തുടർച്ചയായ മൂന്നാം ദിനവും കുറയുന്ന പ്രവണത തുടർന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വ്യാഴാഴ്ച (June 19) ആക്റ്റിവ് കേസുകളുടെ എണ്ണം 5,976 ആയി കുറഞ്ഞു. ബുധനാഴ്ച 6,483, ചൊവ്വാഴ്ച 6,836 പേരായിരുന്നു കൊവിഡ് പൊസിറ്റിവുണ്ടായിരുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു പേരാണ് രോഗബാധയെത്തുടർന്ന് മരിച്ചത്- ഡൽഹിയിൽ രണ്ടു പേരും, കേരളത്തിൽ ഒരാളും. മരിച്ചവരെല്ലാം പ്രായമായവരും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും മറ്റ് വിട്ടുമാറാത്ത അസുഖങ്ങളും ഉള്ളവരായിരുന്നുവെന്നാണ് വിവരം.
ഏറ്റവും കൂടുതൽ പോസിറ്റിവ് കേസുകൾ കേരളത്തിലാണ് ഉള്ളതെങ്കിലും ആക്റ്റിവ് കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസമാണ്. 1,309 കൊവിഡ് കേസുകളാണ് കേരളത്തിലുള്ളത്. തൊട്ടുപിന്നാലെ, ഗുജറാത്ത് (1,046), പശ്ചിമ ബംഗാൾ (747), ഡൽഹി (632), കർണാടക (466), മഹാരാഷ്ട്ര (443), ഉത്തർപ്രദേശ് (257), തമിഴ്‌നാട് (224) രാജസ്ഥാൻ (219) എന്നിങ്ങനെയാണ് ആക്റ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തു.