India

പോർ വിമാനങ്ങൾ സ്വന്തമാക്കാൻ സൈന്യം; തേജസ് ജെറ്റുകളും പ്രചണ്ഡ് ഹെലികോപ്റ്ററുകളും വാങ്ങാൻ കേന്ദ്ര അനുമതി

തേജസ് മാർക്ക് 1 എ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്കു വേണ്ടിയും പ്രചണ്ഡ് ഹെലികോപ്റ്ററുകൾ വ്യോമ സേനയ്ക്കും കരസേനയ്ക്കുമായാണ് വാങ്ങുന്നത്

MV Desk

ന്യൂഡൽഹി: രാജ്യത്തിന്‍റെ പ്രതിരോധശേഷി ഉയർത്താൻ 97 തേജസ് യുദ്ധവിമാനങ്ങളും 156 പ്രചണ്ഡ് ഹെലികോപ്റ്ററുകളും വാങ്ങുന്നതിന് ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്‍റെ അനുമതി. വ്യോമസേനയ്ക്കു വേണ്ടിയാണ് തേജസ് മാർക്ക് 1 എ യുദ്ധ വിമാനങ്ങൾ വാങ്ങുന്നത്. പ്രചണ്ഡ് ഹെലികോപ്റ്ററുകൾ കരസേനയും വ്യോമസേനയ്ക്കുമായി നൽകും. ആത്മനിർഭർ ഭാരത് പദ്ധതിക്ക് ഉണർവേകുന്നതാണ് 1.18 ലക്ഷം കോടി രൂപയുടെ ഇടപാട്.

കപ്പൽവേധ മിസൈലുകളും പീരങ്കികളുമടക്കം ആകെ 2.23 ലക്ഷം കോടിയുടെ ഇടപാടിനാണ് കൗൺസിലിന്‍റെ അംഗീകാരം. ഈ തുകയുടെ 98 ശതമാനവും തദ്ദേശീയ വ്യവസായ മേഖലയിലാണ് ചെലവഴിക്കുന്നതെന്ന സവിശേഷതയുമുണ്ട്.

രാജ്യത്തിന്‍റെ ചരിത്രത്തിൽ തദ്ദേശീയ വ്യവസായത്തിനു ലഭിക്കുന്ന ഏറ്റവും വലിയ പ്രതിരോധ ഇടപാടാണിത്. അന്തിമ വില ചർച്ചയിലൂടെ നിശ്ചയിച്ചതിനു ശേഷം സുരക്ഷാകാര്യ മന്ത്രിസഭാ സമിതി അനുമതി നൽകുന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാകും. 10 വർഷത്തിനുള്ളിൽ വിമാനങ്ങളും ഹെലികോപ്റ്ററുകളും സേനയ്ക്ക് ലഭിക്കും.

നിലവിലുളള സുഖോയ് എസ്‌യു-30 എംകെഐ വിമാനങ്ങളുടെ നവീകരണത്തിനും കൗൺസിൽ അനുമതി നൽകി. തദ്ദേശീയമായി വികസിപ്പിച്ച റഡാർ, ഏവിയോണിക്സ്, സബ് സിസ്റ്റംസ് തുടങ്ങിയവ ഉപയോഗിച്ചാണ് 84 സുഖോയ് വിമാനങ്ങൾ നവീകരിക്കുന്നത്. ഇതിനു പുറമേ റഷ്യൻ നിർമിത ടി90 ടാങ്കുകളിൽ ഘടിപ്പിക്കാനുള്ള ഓട്ടൊമാറ്റിക് ടാർഗറ്റ് ട്രാക്കറുകളും കംപ്യൂട്ടറുകളും വാങ്ങാനും നിലവിലുള്ള പീരങ്കികൾക്കു പകരം പുതിയവ വാങ്ങാനും അനുമതിയുണ്ട്. നാവികസേനയ്ക്കു വേണ്ടിയാണ് മധ്യദൂര കപ്പൽ വേധ മിസൈലുകൾ. ഇതും പൂർണമായി തദ്ദേശീയമായി വികസിപ്പിച്ചവയായിരിക്കും.

കഥപറയാൻ ഇനി ശ്രീനിയില്ല; ഔദ്യോഗിക ബഹുമതിയോടെ വിടചൊല്ലി മലയാളക്കര

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു; മക്കൾ അറസ്റ്റിൽ

മൂന്നാം ടെസ്റ്റും ഇങ്ങെടുത്തു, ആഷസ് പരമ്പര ഉറപ്പിച്ച് ഓസ്ട്രേലിയ

തുടർച്ചയായി 30 വർഷം പഞ്ചായത്തംഗം, ഏഴാമതും വിജയിച്ചു; സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ മരണം

ശ്രീനിവാസന് വിട ചൊല്ലാൻ കേരളം; സംസ്കാരം 10 മണിക്ക്