രൺധീർ ജയ്‌സ്വാൾ
ന്യൂഡല്‍ഹി: ബലോചിസ്താനില്‍ സ്‌കൂള്‍ ബസിനു നേരെ ചാവേര്‍ ആക്രമണം നടത്തിയത് ഇന്ത്യയാണെന്ന പാക്കിസ്ഥാന്‍റെ ആരോപണം തള്ളി ഇന്ത്യ. പാകിസ്താന്‍റെ വാദം തീർത്തും അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിചേര്‍ത്തു.
"ജീവനുകള്‍ നഷ്ടമായതില്‍ ഇന്ത്യ അപലപിക്കുന്നു. എന്നിരുന്നാലും ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രം എന്ന ഖ്യാതിയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനും സ്വന്തം ഗുരുതരമായ പരാജയങ്ങൾ മറച്ചുവെക്കാനും വേണ്ടി, എല്ലാ ആഭ്യന്തര പ്രശ്‌നങ്ങൾക്കും ഇന്ത്യയ്ക്കുമേല്‍ കുറ്റം ചുമത്തുന്നത് പാക്കിസ്ഥാന്‍റെ സ്വഭാവമായി മാറിയിരിക്കുന്നു. ലോകത്തെ കബളിപ്പിക്കാനുള്ള ഈ ശ്രമം പരാജയപ്പെടുക തന്നെ ചെയ്യും," വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഖുസ്ദര്‍ നഗരത്തില്‍ ബുധനാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. സ്‌കൂള്‍ ബസിനു നേര്‍ക്കുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 4 കുട്ടികള്‍ ഉള്‍പ്പെടെ 6 പേരാണ് കൊല്ലപ്പെട്ടത്. 35 ലധികം ആളുകൾ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച വാഹനം, സ്‌കൂള്‍ ബസിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു എന്നാണ് പാക്കിസ്താന്‍ അറിയിച്ചത്. ആര്‍മി പബ്ലിക് സ്‌കൂളിലേക്ക് വിദ്യാര്‍ഥികളുമായി പോയ ബസിനു നേര്‍ക്കാണ് ചാവേര്‍ ആക്രമണമുണ്ടായത്. അതേസമയം, ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.