ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തുള്ള പ്രതിഷേധം; മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

 
India

ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തുള്ള പ്രതിഷേധം; മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

പ്രതിഷേധം സമാധാനപരമായിരുന്നെന്നും യാതൊരുവിധ സുരക്ഷാ ഭീഷണിയും ഉയര്‍ത്തിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു

Aswin AM

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനു പുറത്തു നടന്ന പ്രകടനത്തെ കുറിച്ച് ബംഗ്ലാദേശ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇന്ത്യ തള്ളി. റിപ്പോര്‍ട്ട് 'തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം' ആണെന്ന് ഇന്ത്യ പറഞ്ഞു. പ്രതിഷേധം സമാധാനപരമായിരുന്നെന്നും യാതൊരുവിധ സുരക്ഷാ ഭീഷണിയും ഉയര്‍ത്തിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ബംഗ്ലാദേശിലെ മൈമെന്‍സിങ് ജില്ലയില്‍ ദിപു ചന്ദ്ര ദാസ് എന്ന ന്യൂനപക്ഷ സമുദായാംഗത്തെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. ബംഗ്ലാദേശിലെ വസ്ത്ര നിര്‍മാണ ഫാക്റ്ററിയില്‍ തൊഴിലാളിയായിരുന്ന ദിപു ചന്ദ്രദാസ് മുഹമ്മദ് നബിയെ കുറിച്ച് അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ചായിരുന്നു ജനക്കൂട്ടം തല്ലിക്കൊന്നത്.

ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഡിസംബര്‍ 20ന് ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍റെ മുന്നില്‍ 25ഓളം വരുന്ന ആളുകള്‍ പ്രകടനം നടത്തിയത്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ഇവര്‍ പ്രതിഷേധിച്ചതെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിലെ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

സുരക്ഷാ വേലി ലംഘിക്കാനോ ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കാനോ പ്രതിഷേധക്കാര്‍ ശ്രമിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിയന്ന കണ്‍വെന്‍ഷന്‍ അനുസരിച്ച് ഇന്ത്യയിലുള്ള വിദേശ മിഷനുകളുടെയും പോസ്റ്റുകളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിദ്യാര്‍ഥി നേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തെയും ദിപു ചന്ദ്രദാസിന്‍റെ ആള്‍ക്കൂട്ട കൊലപാതകത്തെയും തുടര്‍ന്നു ബംഗ്ലാദേശില്‍ വ്യാപകമായ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുകയാണ്. ഡിസംബര്‍ 12ന് ധാക്കയില്‍ വച്ചാണ് ഹാദിക്ക് വെടിയേറ്റത്. തുടര്‍ന്ന് ചികിത്സയ്ക്കായി സിംഗപ്പൂരിലേക്കു കൊണ്ടുപോയെങ്കിലും അവിടെ വച്ച് മരണപ്പെട്ടു. ഹാദിയുടെ മരണം ബംഗ്ലാദേശില്‍ വ്യാപകമായ രോഷത്തിനു കാരണമായി.

വാളയാർ ആൾക്കൂട്ട കൊലപാതകം; കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം

അണ്ടർ 19 ഏഷ‍്യകപ്പ് ജേതാക്കളായ പാക് ടീമിന് ട്രോഫി നൽകാനെത്തിയ മൊഹ്സിൻ നഖ്‌വിയെ അവഗണിച്ച് ഇന്ത‍്യൻ ടീം

"ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രം ഇടപെടണം": മോഹൻ ഭാഗവത്

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ മുഖ‍്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

ചിത്രപ്രിയയെ കൊല്ലാൻ മുൻപും ശ്രമം നടത്തി, കൊലപാതകത്തിനു ശേഷം വേഷം മാറി രക്ഷപ്പെട്ടു; പൊലീസിനോട് പ്രതി