സിന്ധു നദീജല കരാർ: തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്ന് ഇന്ത്യ, ആർബിട്രേഷൻ കോടതിയുടെ ഉത്തരവ് തള്ളി

 
India

സിന്ധു നദീജല കരാർ: തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്ന് ഇന്ത്യ, ആർബിട്രേഷൻ കോടതിയുടെ ഉത്തരവ് തള്ളി

ഹേഗിലെ കോടതി തന്നെ നിയമവിരുദ്ധമാണെന്ന് ഇന്ത്യ വ്യക്തമാക്കി

Namitha Mohanan

ന്യൂഡൽഹി: സിന്ധു നദീജലക്കരാർ ഇപ്പോഴും പ്രാബല്യത്തിലാണെന്ന അന്താരാഷ്‌ട്ര ആർബിട്രേഷൻ കോടതിയുടെ ഉത്തരവ് ഇന്ത്യ തള്ളി. നിയമവിരുദ്ധമായി സ്ഥാപിച്ചതാണു ആർബിട്രേഷൻ കോടതിയെന്നും കരാർ മരവിപ്പിച്ച ഇന്ത്യയുടെ തീരുമാനം നിലനിൽക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കരാർ പ്രാബല്യത്തിലാണെന്നും ജമ്മു കശ്മീരിലെ ജലവൈദ്യുത പദ്ധതിയുടെ നിർമാണം ഇന്ത്യ നിർത്തിവയ്ക്കണമെന്നുമായിരുന്നു ഹേഗ് കോടതിയുടെ വിധി.

നദീജലക്കരാർ മരവിപ്പിക്കാനോ ഉപേക്ഷിക്കാനോ ഒരു കാരണവുമില്ലെന്നും ഉടമ്പടി വ്യവസ്ഥകൾ ഇന്ത്യ പാലിക്കണമെന്നും ലോകബാങ്ക് സ്ഥാപിച്ച ആർബിട്രേഷൻ കോടതി ഇന്നലെ പറഞ്ഞിരുന്നു. പടിഞ്ഞാറൻ നദികളിലെ ജലവൈദ്യുത പദ്ധതികളുടെ രൂപകൽപ്പനയും പ്രവർത്തനവുമെല്ലാം കരാറിന് കീഴിലാണെന്നും കോടതി പറഞ്ഞു.

ഡാമിന്‍റെ ഭിത്തിയിൽ കോൺക്രീറ്റ് ചെയ്യുന്നതും ഊർജോത്പാദന സംവിധാനങ്ങളുടെ നിർമാണവും നിഷ്പക്ഷ വിദഗ്ധന്‍റെ അന്തിമ തീർപ്പ് വന്ന് 90 ദിവസം വരെ നിർത്തിവയ്ക്കണമെന്നും ഹേഗ് കോടതി നിർദേശിച്ചിരുന്നു. "നിഷ്പക്ഷ വിദഗ്ധ'രുടെ തീർപ്പ് 2027 ജൂലൈയിൽ ഉണ്ടാകുമെന്നാണു കരുതുന്നത്.

ഹേഗിലെ കോടതി തന്നെ നിയമവിരുദ്ധമാണെന്ന് ഇന്ത്യ വ്യക്തമാക്കി. കരാർ വ്യവസ്ഥകളുടെ ലംഘനമാണ് ആർബിട്രേഷൻ കോടതി സ്ഥാപിച്ച ലോകബാങ്ക് നടപടി. ഇത് അംഗീകരിക്കേണ്ട ബാധ്യത ഇന്ത്യയ്ക്കില്ല. ഈ കോടതിയെ ഇന്ത്യ അംഗീകരിക്കുകയോ ഇതിൽ ഹാജരാകുകയോ ചെയ്തിട്ടില്ല. കരാർ മരവിപ്പിച്ചത് ഇന്ത്യയുടെ പരമാധികാരത്തിനു കീഴിൽ വരുന്ന വിഷയമാണ്. ഇപ്പോഴോ, ഭാവിയിലോ ഹേഗ് കോടതി നടത്തുന്ന ഒരു വിധി പ്രഖ്യാപനവും ഇന്ത്യയെ ബാധിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നാണ് പാക്കിസ്ഥാനുമായി നദീജലം പങ്കുവയ്ക്കാനുള്ള സിന്ധു നദീജലക്കരാർ ഇന്ത്യ മരവിപ്പിച്ചത്. രക്തവും വെള്ളവും ഒരുമിച്ചൊഴുകില്ലെന്നു പ്രഖ്യാപിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 1960ലെ കരാർ പ്രകാരം സിന്ധു, ഝലം, ചിനാബ് നദികളിലെ വെള്ളത്തിന്‍റെ ഭൂരിഭാഗവും പാക്കിസ്ഥാന് അവകാശപ്പെട്ടതാണ്. എന്നാൽ, കരാർ റദ്ദാക്കിയതിനു പിന്നാലെ ഇന്ത്യ ഈ നദികളിലെ ജല വൈദ്യുത പദ്ധതികളുടെ നിർമാണം വേഗത്തിലാക്കിയിരുന്നു. നദീജലം ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടാനുള്ള പദ്ധതികളും ഇന്ത്യ തുടങ്ങിയിട്ടുണ്ട്.

ഇത്തവണ കറന്‍റ് ബില്ല് കൂടും: സെപ്റ്റംബറില്‍ ഇന്ധന സര്‍ചാര്‍ജ് ഈടാക്കാൻ കെഎസ്ഇബി

തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കട്ടിലില്‍ നിന്ന് വീണു പരുക്കേറ്റ രോഗി മരിച്ചു

രാഹുല്‍ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്‍റെ വ്യാമോഹം; നടപടി ഭരണഘടനയോടുമുള്ള വെല്ലുവിളിയെന്ന് സതീശൻ

ഓണവിപണിയില്‍ നിന്ന് കോടികൾ വിളവെടുത്ത് കുടുംബശ്രീ; 10.07 കോടിയുടെ പൂക്കളും പച്ചക്കറികളും വിറ്റഴിച്ചു

15 വയസിൽ ചരിത്രനേട്ടം; 57 വർഷം പഴക്കമുള്ള ദുലീപ് ട്രോഫി റെക്കോർഡ് തകർത്ത് വൈഭവ് സൂര്യവംശി