ബംഗ്ലാദേശിലെ വിസ സേവനങ്ങൾ ഇന്ത്യ പുനഃസ്ഥാപിക്കും

 
India

ബംഗ്ലാദേശിലെ വിസ സേവനങ്ങൾ ഇന്ത്യ പുനഃസ്ഥാപിക്കും

കഴിഞ്ഞ ഡിസംബര്‍ 17 മുതല്‍ ബംഗ്ലാദേശിലെ വിസ സേവനങ്ങള്‍ ഇന്ത്യ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തുടങ്ങി

MV Desk

ധാക്ക: ബംഗ്ലാദേശിലെ എല്ലാ വിസ സേവനങ്ങളും ഇന്ത്യ ഉടന്‍ പുനഃസ്ഥാപിക്കുമെന്നു ബംഗ്ലാദേശിലെ ഉന്നത ഇന്ത്യന്‍ നയതന്ത്രജ്ഞന്‍. ഇതിനു നടപടികള്‍ സ്വീകരിച്ചു വരികയാണെന്നു സില്‍ഹെറ്റിലെ ഇന്ത്യയുടെ മുതിര്‍ന്ന കോണ്‍സുലാര്‍ ഉദ്യോഗസ്ഥന്‍ അനിരുദ്ധ ദാസിനെ ഉദ്ധരിച്ച് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മെഡിക്കല്‍, ഡബിള്‍ എന്‍ട്രി വിസകളാണ് ഇപ്പോള്‍ നല്‍കുന്നത്. യാത്രാ വിസകള്‍ ഉള്‍പ്പെടെ മറ്റ് വിഭാഗങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണെന്നും അനിരുദ്ധ ദാസ് പറഞ്ഞു. ഷെയ്ഖ് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കിയ 2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ പ്രക്ഷോഭത്തിന് ശേഷമാണ് ഇന്ത്യ-ബംഗ്ലാദേശ് ബന്ധം മോശമായത്. കഴിഞ്ഞ ഡിസംബര്‍ 17 മുതല്‍ ബംഗ്ലാദേശിലെ വിസ സേവനങ്ങള്‍ ഇന്ത്യ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തുടങ്ങി.

ഫെബ്രുവരി 12ലെ തെരഞ്ഞെടുപ്പിന് ശേഷം ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) താരിഖ് റഹ്‌മാന്‍റെ നേതൃത്വത്തില്‍ അധികാരത്തിലേറിയതോടെ ദീര്‍ഘകാല ചരിത്രമുള്ള ഇന്ത്യ-ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുത്താന്‍ ഇരുപക്ഷവും പ്രവര്‍ത്തിക്കുമെന്നതിന് സൂചനകള്‍ ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

2024 ഓഗസ്റ്റ് 8നാണ് ഇന്ത്യ ആദ്യമായി വിസകള്‍ താത്കാലികമായി നിര്‍ത്തിവച്ചത്. ബംഗ്ലാദേശിലെ അസ്ഥിരത കണക്കിലെടുത്തായിരുന്നു നടപടി. പിന്നീടു സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും മെഡിക്കല്‍, ഡബിള്‍ എന്‍ട്രി വിസകള്‍ മാത്രമായി പരിമിതപ്പെടുത്തി. 2025ന്‍റെ തുടക്കത്തിലും 2025 മധ്യത്തിലും, വിസ വിതരണം ചെയ്യുന്നതില്‍ ക്രമേണ വര്‍ധനയുണ്ടായി. എങ്കിലും 2024 ഓഗസ്റ്റിനു മുമ്പുള്ളതിനേക്കാള്‍ വളരെ താഴെയായിരുന്നു. 2024 ഓഗസ്റ്റിന് മുമ്പ് പ്രതിദിനം നല്‍കിയ വിസകളുടെ എണ്ണം 8,000ത്തോളമായിരുന്നു. എന്നാല്‍ അതില്‍ നിന്നാണ് ഏകദേശം 1,500 ആയി കുറഞ്ഞത്.

2025 നവംബറില്‍ തീവ്രവാദി നേതാവ് ഉസ്മാന്‍ ഹാദിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ ഇന്ത്യാ വിരുദ്ധ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഇന്ത്യയിലെ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. നവംബര്‍ 17 ന് ധാക്കയിലെ വിസ കേന്ദ്രങ്ങളും അടച്ചുപൂട്ടി, തുടര്‍ന്ന് നവംബര്‍ 22ന് ചിറ്റഗോംഗ്, ഖുല്‍ന, രാജ്ഷാഹി കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. ഇതിനു മറുപടിയെന്ന നിലയില്‍, ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം ന്യൂഡല്‍ഹി, കോല്‍ക്കത്ത, അഗര്‍ത്തല തുടങ്ങിയ സ്ഥലങ്ങളിലെ കോണ്‍സുലര്‍ മിഷനിലെ വിസ സേവനം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു.

നേതൃത്വത്തിന് അതൃപ്തി; ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

കേന്ദ്ര സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മണ്ഡല പുനർനിർണയത്തിനെതിരേ പിണറായി വിജയൻ

കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

കൊയിലാണ്ടിയില്‍ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺഗ്രസ് തീരുമാനം നേതൃയോഗത്തിൽ