ന്യൂഡൽഹി: അറബിക്കടലിൽ കടൽക്കൊള്ളക്കാർ റാഞ്ചിയ ഇന്ത്യൻ ചരക്കു കപ്പലിനെ ഇന്ത്യൻ നാവികസേന കമാൻഡോ ഓപ്പറേഷനിലൂടെ മോചിപ്പിച്ചു. കമാൻഡോകൾ കപ്പലിനുള്ളിൽ പ്രവേശിപ്പിച്ച് മുന്നറിയിപ്പ് നൽകിയതോടെ കൊള്ളക്കാർ കപ്പൽ ഉപേക്ഷിച്ച് പോകുകയായിരുന്നു . 15 ഇന്ത്യക്കാർ അടക്കം കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരും സുരക്ഷിതരാണെന്ന് നാവികസേന വക്താവ് വിവേക് മധ്വാൽ വ്യക്തമാക്കി. നാവികസേനയുടെ മാർക്കോസ് കമാൻഡോകളാണ് ഐഎൻഎസ് ചെന്നൈ എന്ന കപ്പലിലെത്തി ചരക്കു കപ്പലിൽ പ്രവേശിച്ച് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
വടക്കൻ അറബിക്കടലിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്ന ലൈബീരിയൻ പതാക വഹിച്ചു കൊണ്ടുള്ള എംവി ലില നോർഫോക് എന്ന ചരക്കുകപ്പലാണ് കൊള്ളക്കാർ റാഞ്ചിയത്.
ചരക്കു കപ്പലിനു ചുറ്റും ഇന്ത്യൻ യുദ്ധകപ്പലും പട്രോളിങ് എയർക്രാഫ്റ്റും വിന്യസിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ലോങ് റേഞ്ച് പ്രിഡേറ്റർ ഡ്രോണും ദൗത്യത്തിനായി ഉപയോഗിക്കുന്നുണ്ട്. നിലവിൽ നാവികസേനയുടെ മാർകോസ് കമാൻഡോകളാണ് ദൗത്യത്തിലുള്ളത്. കപ്പലിനുള്ളിൽ പ്രവേശിച്ച കമാൻഡോകൾ രണ്ടാമത്തെ ഡെക്കിലേക്ക് പ്രവേശിച്ചതായാണ് റിപ്പോർട്ട്. കപ്പലിൽ ഒരു ഡസനോളം ഇന്ത്യൻ പൗരന്മാർ ഉണ്ടെന്നാണ് കരുതുന്നത്.
വ്യാഴാഴ്ച രാത്രിയോടെയാണ് ആയുധമേന്തിയ ആറ് അജ്ഞാതർ കപ്പലിനുള്ളിൽ പ്രവേശിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന് സന്ദേശം ലഭിച്ചത്. ചെങ്കടലിൽ ചരക്കു കപ്പലുകൾക്കെതിരേ ഹൂതി ഭീകരർ ആക്രമണം ശക്തമാക്കിയതിനിടെയാണ് അറബിക്കടലിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.