അവ്യാന മേത്ത, വിവാൻ ചൗച്ഛാരിയ, അരിയാന അഗർവാൾ
ജനീവ: ജലശുദ്ധീകരണത്തിനു വേണ്ടി പരിസ്ഥിതി സൗഹൃദ മാതൃക വികസിപ്പിച്ചെടുത്ത ഇന്ത്യൻ വിദ്യാർഥികൾ ദി എർത്ത് പ്രൈസിന് അർഹരായി. അവ്യാന മേത്ത, അരിയാന അഗർവാൾ, വിവാൻ ചൗച്ഛാരിയ എന്നിവരടങ്ങുന്ന സംഘത്തിനാണ് ആഗോള അംഗീകാരം ലഭിച്ചിരിക്കുന്നത്. മൂവർക്കും 16 വയസാണ് പ്രായം. നാടൻ വാളൻ പുളിയുടെ കുരു പൊടിച്ചുണ്ടാക്കുന്ന ജൈവപൊടി വെള്ളത്തിൽ കലർത്തിയാൽ വെള്ളത്തിലെ മൈക്രോ പ്ലാസ്റ്റിക് കണികകൾ ആ പൊടിയിൽ ഒട്ടിപ്പിടിക്കുമെന്നും പിന്നീട് ഒരു കാന്തം ഉപയോഗിച്ച് ഇവ എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയുമെന്നുമാണ് സംഘത്തിന്‍റെ കണ്ടെത്തൽ.
പ്ലാസ്-സ്റ്റിക് എന്നാണ് ഈ നൂതന വിദ്യക്ക് ഇവർ നൽകിയിരിക്കുന്ന പേര്. വൈദ്യുതിയുടെയോ മറ്റു യന്ത്രങ്ങളുടെയോ ആവശ്യമില്ലാതെയാണ് ജലശുദ്ധീകരണം പൂർത്തിയാക്കുന്നത്. ശുദ്ധജലത്തിന് ക്ഷാമമുള്ള മേഖലകളിൽ ഈ വിദ്യ ഗുണപ്രദമായിരിക്കും. ഐഐടി ഗുവാഹത്തിയിലെ ഗവേഷകരുടെ സഹായത്തോടെയാണ് സംഘം ജലശുദ്ധീകരണ പദ്ധതി വികസിപ്പിച്ചെടുത്തത്. ഗ്രാമങ്ങൾ സന്ദർശിക്കുന്നതിനിടെ പ്ലാസ്റ്റിക് പാത്രങ്ങളിൽ പിടിച്ചു വച്ച വെള്ളം കുട്ടികൾ കുടിക്കുന്നതു കണ്ടതാണ് വിദ്യാർഥികളെ ജലശുദ്ധീകരണത്തിനു വേണ്ടിയുള്ള പുതിയ പരീക്ഷണങ്ങളിലേക്ക് നയിച്ചത്. 96 ലക്ഷം രൂപയാണ് സമ്മാനത്തുക. അതിൽ ഒരുവിഹിതം ജലശുദ്ധീകരണത്തിനായി ചെലവഴിക്കാനാണ് ഇവരുടെ തീരുമാനം.
ജനീവയിൽ 23,000 പേർ പങ്കെടുത്ത പൊതു വോട്ടെടുപ്പിലൂടെയാണ് സംഘത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള സംഘം എർത്ത് പ്രൈസ് സ്വന്തമാക്കുന്നത്. 13 മുതൽ 19 വയസു വരെയുള്ളവർക്കായി ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന പാരിസ്ഥിതിക മത്സരമാണ് എർത് പ്രൈസ്. 163 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ഇത്തവണ മത്സരത്തിൽ പങ്കാളികളായത്.