ഒമാൻ ഉൾക്കടലിൽ ചരക്ക് കപ്പലിന് തീപിടിച്ചു; ജീവനക്കാരെ രക്ഷപ്പെടുത്തി
ന്യൂഡൽഹി: ഒമാൻ ഉൾക്കടലിൽ ചരക്ക് കപ്പലിന് തീപിടിച്ചു. ഗുജറാത്തിലെ കാണ്ട്ലയില്‍ നിന്ന് ഒമാനിലെ ഷിനാസിലേക്ക് പോവുകയായിരുന്ന എംടി യി ചെങ് 6 എന്ന ചരക്കു കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് തബാർ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരിൽ 14 പേർ ഇന്ത്യക്കാരാണെന്നാണ് വിവരം.
ഞായറാഴ്ച (June 29) വൈകിട്ടാണ് കപ്പല്‍ അപകടത്തെ സംബന്ധിച്ച് ഇന്ത്യന്‍ നാവിക സേനയ്ക്ക് വിവരം ലഭിക്കുന്നത്. 13 ഇന്ത്യൻ ഉദ്യോഗസ്ഥരും 5 ജീവനക്കാരുമടങ്ങുന്ന ഐഎൻഎസ് തബാർ സംഘം ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. കപ്പലിന്‍റെ എഞ്ചിന്‍ റൂമില്‍ തീ പടരുകയും പൂർണമായും വൈദ്യുതി തകരാര്‍ ഉണ്ടായെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഐഎൻഎസ് തബാറിൽ നിന്നുള്ള അഗ്നിശമന സംഘവും ഉപകരണങ്ങളും കപ്പലിന്‍റെ ബോട്ടും ഹെലികോപ്റ്ററും വഴി കപ്പലിലേക്ക് മാറ്റിയതായി ഇന്ത്യൻ നാവികസേന എക്‌സിലുടെ അറിയിച്ചു. തീയുടെ തീവ്രത ഗണ്യമായി കുറഞ്ഞതായും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ഇന്ത്യന്‍ നാവിക സേനയുടെ വക്താവ് വ്യക്തമാക്കി.