ടി.ജെ.എസ്. ജോർജ്

 
India

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു

2011ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

Megha Ramesh Chandran

ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് (97) അന്തരിച്ചു. മണിപ്പാലിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെളളിയാഴ്ച വൈകിട്ടോടെയായിരുന്നു മരണം. 2011ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

പത്തനംതിട്ടയിലെ തുമ്പമൺ സ്വദേശിയാണ് ജോർജ്. മജിസ്ട്രേറ്റായിരുന്ന ടി.ടി. ജേക്കബിന്‍റെയും ചാച്ചിയാമ്മ ജേക്കബിന്‍റെയും മകനായി 1928 മെയിലാണ് തയ്യിൽ ജേക്കബ് സോണി ജോർജ് എന്ന ടി.ജെ.എസ്. ജോർജിന്‍റെ ജനനം. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവർത്തനം നടത്തിയിട്ടുണ്ട്. 1950ൽ മുബായിലെ ഫ്രീപ്രസ് ജേർണലിലൂടെയാണ് പത്രപ്രവർത്തനം ആരംഭിച്ചത്.

പിന്നീട് ഇന്‍റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച്‌ ലൈറ്റ്, ഫാർ ഈസ്റ്റേൺ എകണോമിക് റിവ്യൂ എന്നിവയിൽ ജോലി ചെയ്തു. ഹോംങ്കോങ്ങിൽ നിന്നുള്ള ഏഷ്യാവീക്കിന്‍റെ സ്ഥാപക പത്രാധിപരാണ്‌ ജോർജ്. ഇന്ത്യയിലെ മുതിർന്ന പത്രപ്രവർത്തകരിൽ ഒരാളായ ജോർജ് പ്രഗല്ഭനായ കോളമിസ്റ്റാണ്‌. പത്രാധിപർ, പംക്തി എഴുത്തുകാരൻ, ഗ്രന്ഥകാരൻ എന്നതിനു പുറമെ ദീർഘകാലമായി ചൈനാ നിരീക്ഷകനുമായിരുന്നും.

1965ൽ ബിഹാർ മുഖ്യമന്ത്രിയായിരുന്ന കെ.ബി. സഹായിയെ എതിർത്തതിനു ജയിലിലട‌യ്ക്കപ്പെട്ട ജോർജ്, സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ജയിലിൽ അടയ്ക്കപ്പെട്ട പത്രാധിപരാണ്. പ്രതിരോധ മന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോനാണ് അന്ന് അദ്ദേഹത്തിനു വേണ്ടി കോടതിയിൽ ഹാജരായത്. തന്‍റെ പത്രപ്രവർത്തക ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ 'ഘോഷയാത്ര' എന്ന പുസ്തകം ശ്രദ്ധിക്കപ്പെട്ടു. വി.കെ. കൃഷ്ണമേനോൻ, നടി നർഗീസ്, എം.എസ്. സുബലക്ഷ്മി, സിംഗപ്പുർ മുൻ പ്രസിഡന്‍റ് ലീക്വാൻ യൂ തുടങ്ങിയവരെക്കുറിച്ചു ജീവചരിത്രക്കുറിപ്പുകൾ എഴുതി.

'ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസി'ൽ എഴുതിയിരുന്ന 'പോയന്‍റ് ഓഫ് വ്യൂ' എന്ന കോളം ശ്രദ്ധേയമായി. 'നൗ ഈസ് ദ ടൈം ടു സേ ഗുഡ്ബൈ' എന്ന തലക്കെട്ടിലാണ് ഈ കോളത്തിന്‍റെ അവസാന ലക്കം എഴുതി മൂന്നു വർഷം മുമ്പ് സജീവ പത്രപ്രവർത്തനത്തിൽ നിന്ന് അദ്ദേഹം വിടവാങ്ങിയത്.

പത്തു വർഷത്തെ ഇടവേളക്ക് ശേഷം ചൈന സന്ദർശിച്ച അദ്ദേഹം ഒളിമ്പിക്സ് മത്സരങ്ങൾക്കുള്ള ചൈനയുടെ ഒരുക്കങ്ങളെ നേരിൽ കാണുകയും ആധുനിക ചൈനയെ കുറിച്ച് ലേഖന പരമ്പര എഴുതുകയും ചെയ്തിട്ടുണ്ട്. പതിനാറോളം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. മോഹൻലാൽ, നസീറുദ്ദീൻ ഷാ എന്നിവർ അഭിനയിച്ച 'കൃഷ്ണ' എന്ന ചിത്രത്തിനുള്ള തിരക്കഥ ശശി തരൂരുമായി ചേർന്ന് എഴുതിയിട്ടുണ്ട്.

ബഷീർ പുരസ്കാരം, രാജ്യോത്സവ പുരസ്കാരം, സി.എച്ച്. മുഹമ്മദ് കോയ പത്രപ്രവർത്തക പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, പത്രിക അക്കാദമി പുരസ്കാരം, പത്മഭൂഷൺ പുരസ്കാരം, ‘ഗൾഫ് മാധ്യമം’ ഏർപ്പെടുത്തിയ കമലാ സുറയ്യ പുരസ്കാരം എന്നീ പുരസ്കാരങ്ങളും ലഭിച്ചും.

ശബരിമല: സമഗ്ര അന്വേഷണത്തിന് ബോർഡ് ഹൈക്കോടതിയിലേക്ക്

എ. രാമചന്ദ്രൻ സ്മാരക മ്യൂസിയം ഞായറാഴ്ച തുറക്കും

കാസർഗോഡ് മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അച്ഛൻ അറസ്റ്റിൽ

ബാങ്ക് ചെക്കുകൾ അതാത് ദിവസം തന്നെ പാസാകും, മാറ്റം ശനിയാഴ്ച മുതൽ

ബിന്ദുവിന്‍റെ മകന് ദേവസ്വം ബോർഡിൽ ജോലി