വ്യവസായി അമർ കതാരി
ന്യൂഡൽഹി: ഡൽഹി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞത് കയ്യിലെ ടാറ്റൂ കണ്ട്. ചാന്ദ്നി ചൗക്കിൽ നിന്നുള്ള വ്യവസായിയായ അമർ കതാരിയ ആണ് ഡൽഹിയിലെ റെഡ് ഫോർട്ടിന് സമീപമുണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത്. യുവാവിന്‍റെ കയ്യിൽ അച്ഛനേയും അമ്മയേയും ഭാര്യയേയും കുറിച്ച് പച്ച കുത്തിയിരുന്നു. ഇത് കണ്ടാണ് കുടുംബം യുവാവിനെ തിരിച്ചറിഞ്ഞത്.
34 കാരനായ അമർ ഫാർമസ്യൂട്ടിക്കൽ ബിസിനസ് നടത്തുകയാണ്. അമ്മ, എന്‍റെ ആദ്യത്തെ പ്രണയം, അച്ഛൻ എന്‍റെ ശക്തി എന്നീ ടാറ്റൂവിനൊപ്പം ഭാര്യയുടെ പേരായ കൃതി എന്നും കൈകളിൽ പച്ച കുത്തിയിരുന്നു. ഇത് കണ്ട ആശുപത്രി അധികൃതർ കുടുംബവുമായി ബന്ധപ്പെടുകയായിരുന്നെന്ന് അമറിന്‍റെ അച്ഛൻ ജഗദീഷ് കതാരിയ പറഞ്ഞു. നാല് വർഷം മുൻപാണ് അമർ വിവാഹിതനാവുന്നത്. ഒരു മകനുമുണ്ട്.
തിങ്കളാഴ്ച രാത്രി കുടുംബത്തിനൊപ്പം പുറത്ത് ഭക്ഷണം കഴിക്കാൻ പോകാൻ ഇരിക്കുകയായിരുന്നു. ഇത് പറയാനായി അമർ അച്ഛനെ വിളിച്ചിരുന്നു. സ്ഫോടനത്തിന് പിന്നാലെ മകനെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതിരുന്നതോടെ കുടുംബം ആശങ്കയിലായി. തുടർന്ന് അമറിനെ അന്വേഷിച്ച് മാതാപിതാക്കൾ ഡൽഹിയിലെ വിവിധ ആശുപത്രികൾ തിരക്കി. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് ആശുപത്രിയിൽ വച്ച് മൃതദേഹം തിരിച്ചറിഞ്ഞത്. കഴുത്തിന്‍റെ പുറകിലുണ്ടായ മുറിവാണ് മരണത്തിന് കാരണമായത്.