ഷെഫാലി ജരിവാല
മുംബൈ: 'കാന്താ ലഗാ' എന്ന മ‍്യൂസിക് വിഡിയോയിലൂടെ പ്രശസ്തയായ നടി ഷെഫാലി ജരിവാല (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത‍്യം. കുഴഞ്ഞു വീണതിനെത്തുടർന്ന് ഷെഫാലിയെ കഴിഞ്ഞ ദിവസം മുംബൈയിലെ മൾട്ടി സ്പെഷ‍്യാലിറ്റി ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ് പരാഗ് ത‍്യാഗിയാണ് ഷെഫാലിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ വച്ച് ഡോക്റ്റർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി. മുംബൈ പൊലീസും ഫൊറൻസിക് ഉദ‍്യോഗസ്ഥരും ഷെഫാലിയുടെ വീട്ടിലെത്തി പരിശോധന നടത്തി.
2002 ൽ പുറത്തിറങ്ങിയ 'കാന്താ ലഗാ' എന്ന മ‍്യൂസിക് വിഡിയോയിലൂടെയാണ് ഷെഫാലി പ്രശസ്തി നേടിയത്. മ‍്യൂസിക് വിഡിയോ ഹിറ്റായതോടെ പ്രേക്ഷകരുടെ മനം കവർന്നു. പിന്നീട് 2004ൽ സൽമാൻ ഖാൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര എന്നിവർ അഭിനയിച്ച 'മുജ്സെ ഷാദി കരോഗി' എന്ന ചിത്രത്തിലും വേഷമിട്ടു. 2019ൽ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ ഷെഫാലി വീണ്ടും ജന ശ്രദ്ധ നേടി.