രന്യ റാവു
ബംഗളൂരു: അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്‍റെ സുഹൃത്തും പിടിയിൽ. രന്യക്കൊപ്പം ദുബായിലേക്ക് പോയ തരുൺ കൊണ്ടുരാജുവാണ് ഡയറക്റ്ററേറ്റ് ഒഫ് റവന്യു ഇന്‍റലിജൻസിന്‍റെ( ഡിആർഐ) പിടിയിലായത്. ബംഗളൂരുവിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗമാണ് തരുൺ. 14 കിലോ ഗ്രാം വരുന്ന സ്വർണവുമായാണ് രന്യ റാവു അറസ്റ്റിലായത്.
കേസിൽ രന്യയുടെ രണ്ടാനച്ഛൻ ഡിജിപി കെ. രാമചന്ദ്ര റാവുവിനെതിരേയും അന്വേഷണം നീളും. രാമചന്ദ്ര റാവുവിന്‍റെ രണ്ടാമത്തെ ഭാര്യയുടെ ആദ്യ വിവാഹത്തിൽ പിറന്ന മകളാണ് രന്യ. എന്നാൽ വിവാഹശേഷം മകൾ തങ്ങളുമായി അകൽച്ചയിലായിരുന്നുവെന്നാണ് രാമചന്ദ്ര റാവു പ്രതികരിച്ചിരുന്നത്.
അഡീഷണൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയെയാണ് ഡിജിപിക്കെതിരേ അന്വേഷണം നടത്താനായി കർണാടക സർക്കാർ നിയമിച്ചിരിക്കുന്നത്. നിലവിൽ കർണാടക സ്റ്റേറ്റ് പൊലീസ് ഹൗസിങ് ആൻഡജ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ മാനേജിങ് ഡയറക്റ്ററാണ് റാവു.