Shashi Tharoor 
India

'ഇന്ത്യ' ജയിച്ചാൽ ഖാർഗെയോ രാഹുലോ പ്രധാനമന്ത്രി: തരൂർ

പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും നിറവേറ്റും

MV Desk

തിരുവനന്തപുരം: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ "ഇന്ത്യ' സഖ്യം വിജയിച്ചാല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ മുൻ പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയോ പ്രധാനമന്ത്രിയായേക്കുമെന്ന് ഡോ. ശശി തരൂര്‍ എംപി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നടന്ന ചടങ്ങിന് ശേഷം ടെക്കികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത ഫലമുണ്ടാകാന്‍ സാധ്യത വളരെയേറെയാണ്. അതിനു പിന്നാലെ "ഇന്ത്യ'സഖ്യത്തിലെ നേതാക്കള്‍ ചേര്‍ന്നാണ് ഒരാളെ തെരഞ്ഞെടുക്കേണ്ടത്. ഇന്ത്യയുടെ ആദ്യ ദളിത് പ്രധാനമന്ത്രിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ വന്നേക്കാം. ഒരു കുടുംബത്തെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആളായതിനാല്‍ രാഹുൽ ഗാന്ധി തന്നെ പ്രധാനമന്ത്രിയാകാനും സാധ്യതയുണ്ടെന്നാണ് താന്‍ കരുതുന്നത്- തരൂർ പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമോ എന്നെ ചോദ്യത്തോട് പ്രതികരിക്കവെ, പ്രധാനമന്ത്രി എന്നാല്‍ സമന്മാരില്‍ ഒന്നാമനാണെന്ന് പറഞ്ഞ തരൂര്‍, തന്നെ ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും നിറവേറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോണ്‍ഗ്രസ് ഒരു കുടുംബത്തെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി എന്ന തരൂരിന്‍റെ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. തന്‍റേത് സ്വകാര്യ പരിപാടിയില്‍ നടത്തിയ പ്രസ്താവനയാണെന്നും പൊതു ഇടത്തില്‍ പ്രചരിപ്പിക്കപ്പെടാന്‍ നടത്തിയതായിരുന്നില്ലെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

നെഹ്‌റു- ഗാന്ധി കുടുംബത്തിന്‍റെ ഡിഎന്‍എ കോണ്‍ഗ്രസ് പാര്‍ട്ടിയുടേതുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആ കുടുംബമാണ് പാര്‍ട്ടിയുടെ ശക്തി. പാര്‍ട്ടിക്കുള്ളില്‍ ഏത് തരത്തിലുള്ള തെരഞ്ഞെടുപ്പ് നടത്തിയാലും രാഹുല്‍ ഗാന്ധിക്കായിരിക്കും അകമഴിഞ്ഞ പിന്തുണ ലഭിക്കുക. ആ കാര്യം താന്‍ പറയാതെ വിട്ടുപോയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വർണക്കൊള്ള; കടകംപള്ളി സുരേന്ദ്രനെയും പി.എസ്. പ്രശാന്തിനെയും ചോദ‍്യം ചെയ്തു

ന‍്യൂസിലൻഡിനെതിരായ ഏകദിന പരമ്പര: ഇന്ത‍്യൻ ടീമിനെ വൈകാതെ പ്രഖ‍്യാപിക്കും

ടി20 ലോകകപ്പിലേക്കുള്ള പ്രാഥമിക ടീമിനെ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്; ഹാരി ബ്രൂക്ക് നയിക്കും

കേരളത്തിൽ നിർമിക്കുന്ന ബ്രാൻഡിക്ക് നൽകാൻ പറ്റിയ പേരുണ്ടോ കൈയിൽ? 10,000 രൂപ സമ്മാനം നേടാം, അറിയിപ്പുമായി ബെവ്കോ

മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു