representative image. 
India

പോക്സോ: പ്രായപരിധി കുറയ്ക്കരുതെന്ന് നിയമ കമ്മിഷൻ ശുപാർശ

കൗമാരപ്രണയം, വിവാഹം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെട്ട പോക്സോ കേസുകളിൽ പലതിലും ആൺകുട്ടി ജയിലിലാവുകയും പെൺകുട്ടി ദുരിതത്തിലാവുകയും ചെയ്യുന്നത് ഒഴിവാക്കാനുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.

MV Desk

ന്യൂഡൽഹി: പോക്സോ വകുപ്പു പ്രകാരം ശാരീരിക ബന്ധത്തിനു സമ്മതം നൽകുന്നതു സംബന്ധിച്ച പ്രായപരിധി പതിനാറാക്കി കുറയ്ക്കരുതെന്ന് ഇരുപത്തിരണ്ടാം നിയമ കമ്മിഷന്‍റെ ശുപാർശ. ബുധനാഴ്ച കേന്ദ്ര നിയമമന്ത്രാലയത്തിനു കൈമാറിയ റിപ്പോർട്ടിലാണു പ്രായപരിധി കുറയ്ക്കുന്നതിനെ അനുകൂലിക്കുന്നില്ലന്നു കമ്മിഷൻ വ്യക്തമാക്കിയത്. നിലവിൽ 18 വയസാണു പ്രായപരിധി.അതേസമയം, കൗമാരപ്രണയം, വിവാഹം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെട്ട പോക്സോ കേസുകളിൽ പലതിലും ആൺകുട്ടി ജയിലിലാവുകയും പെൺകുട്ടി ദുരിതത്തിലാവുകയും ചെയ്യുന്നത് ഒഴിവാക്കാനുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. കമ്മിഷൻ അധ്യക്ഷൻ ഋതുരാജ് ആവസ്തിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന നിയമകമ്മിഷൻ യോഗമാണു ശിക്ഷ കുറയ്ക്കാനുള്ള ഭേദഗതി ശുപാർശ ചെയ്യുന്ന റിപ്പോർട്ട് അംഗീകരിച്ചത്.

സെക്ഷൻ നാല് പ്രകാരമുള്ള കുറ്റം ചുമത്തി ശിക്ഷ നൽകുന്നതിലാണു ഭേദഗതി. നിലവിൽ ആൺകുട്ടിക്ക് പോക്സോ നിയമപ്രകാരം 10 വർഷം തടവ് ലഭിക്കാം. എന്നാൽ, പതിനാറു വയസിനു മേൽ പ്രായമുള്ള പെൺകുട്ടി കൗമാര പ്രണയത്തിനിടെ മൗനാനുവാദത്തോടെയാണു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നു തെളിഞ്ഞാൽ ആൺകുട്ടിയുടെ ശിക്ഷ കുറയ്ക്കാമെന്ന് നിയമ കമ്മിഷൻ ശുപാർശ ചെയ്തു. ഇക്കാര്യത്തിൽ കോടതികൾക്ക് തീരുമാനമെടുക്കാനുള്ള മാർഗ നിർദേശങ്ങളും കമ്മിഷൻ മുന്നോട്ടുവച്ചു. സമാനമായ നിരവധി കേസുകൾ നിരന്തരം കോടതിയിലെത്തുന്ന സാഹചര്യത്തിലാണു കമ്മിഷന്‍റെ ഇടപെടൽ.

പെൺകുട്ടിയും ആൺകുട്ടിയും തമ്മിലുള്ള പ്രായ വ്യത്യാസം മൂന്നര വയസിൽ കൂടാൻ പാടില്ല, പെൺകുട്ടിയുടെ മൗനാനുവാദം ഉണ്ടായിരുന്നോ? പ്രായപൂർത്തിയായ ശേഷം വിവാഹം ചെയ്യുന്ന സാഹചര്യം, കുടുംബാംഗങ്ങൾ വിവാഹ ബന്ധം അംഗീകരിച്ചിട്ടുണ്ടോ?ആൺകുട്ടിയുടെ ക്രിമിനൽ പശ്ചാത്തലം, ചതിയും നിയമ വിരുദ്ധ സ്വാധീനവുമുണ്ടോ, പെൺകുട്ടിയെ മനുഷ്യക്കടത്തിന്‍റെ ഭാഗമാക്കിയിട്ടുണ്ടോ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാകണം കോടതിയുടെ തീരുമാനമെന്നും കമ്മിഷൻ. ശുപാർശയിൽ കേന്ദ്രസർക്കാരാണ് അന്തിമ തീരുമാനം എടുക്കുക.

മുഖ്യമന്ത്രിസ്ഥാനത്തെ കുറിച്ചുള്ള ചർച്ച പരസ്യമാക്കിയത് ശരിയായില്ല; അതൃപ്തിയുമായി മുസ്ലീം ലീഗ്

5 മത്സരങ്ങളിൽ നിന്ന് വിട്ടുകൊടുത്തത് 164 റൺസ്; ബുംറയുടെ വിക്കറ്റ് വരൾച്ച എന്ന് അവസാനിക്കും?

നോയിഡയിലെ തൊഴിലാളി സമരം; ഐക‍്യദാർഢ‍്യം പ്രഖ‍്യാപിക്കാനെത്തിയ സിപിഎം നേതാക്കളെ തടഞ്ഞു

ഇറാൻ തുറമുഖങ്ങളിൽ യുഎസ് നാവിക ഉപരോധം; വീഡിയോ പുറത്ത്

ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്; പാലക്കാട്ടെ കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ‍്യമില്ല