ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ ലോക്സഭ പാസാക്കി

 
India

ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ ലോക്സഭ പാസാക്കി

ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ പണത്തെ അടിസ്ഥാനമാക്കിയുള്ള എല്ലാ ഗെയിമിങ് ഇടപാടുകളും സര്‍ക്കാര്‍ നിരോധിക്കും

Namitha Mohanan

ന്യൂഡൽഹി: ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ പാസാക്കി ലോക്സഭ. ബുധനാഴ്ച അശ്വിനി വൈഷ്ണവ് അവതരിപ്പിച്ച ബിൽ ലോക്സഭ ശബ്ദ വോട്ടോടെ പാസാക്കുകയായിരുന്നു.

വർധിച്ചുവരുന്ന ആസക്തി, കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവ തടയുക എന്ന ലക്ഷ്യത്തോടെയുള്ള കരട് നിയമം - ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.

കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ ഈ ബിൽ പാസാക്കിയിരുന്നു. ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ പണത്തെ അടിസ്ഥാനമാക്കിയുള്ള എല്ലാ ഗെയിമിങ് ഇടപാടുകളും സര്‍ക്കാര്‍ നിരോധിക്കും. അതിവേഗം വളരുന്ന ഡിജിറ്റല്‍ ഗെയിമിങ് മേഖലയെ നിയന്ത്രിക്കുന്നതിനും ഓണ്‍ലൈന്‍ വാതുവെപ്പ് നിര്‍ത്തലാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ബില്‍.

ബില്ലില്‍ നിഷ്‌കര്‍ഷിക്കുന്നതനുസരിച്ച് തത്സമയം പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി പണം കൈമാറുന്നതിനോ പ്രോസസ് ചെയ്യുന്നതിനോ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അനുവാദമുണ്ടാകില്ല.

ഗെയിമിങ്ങിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ പൂര്‍ണമായും നിരോധിക്കും. ഇ-സ്‌പോര്‍ട്‌സിനെ പ്രോത്സാഹിപ്പിക്കുന്നതും നിരോധിക്കും. രജിസ്റ്റര്‍ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ ഗെയിമിങ് പ്ലാറ്റ്‌ഫോമുകള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും ബില്ലിലുണ്ട്. 2023 ഒക്‌റ്റോബറില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളില്‍ 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതു മുതല്‍ അവ സൂക്ഷമ പരിശോധനയ്ക്കു വിധേയമായിക്കൊണ്ടിരിക്കുകയായിരുന്നു. 2024-25 സാമ്പത്തിക വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്നുള്ള വിജയികള്‍ക്ക് 30 ശതമാനം നികുതി ചുമത്തുന്നുണ്ട്. കൂടാതെ ഓഫ്‌ഷോര്‍ ഗെയിമിങ് ഓപ്പറേറ്റര്‍മാരെ ഇന്ത്യന്‍ നികുതി പരിധിയില്‍ കൊണ്ടുവരികയും ചെയ്തു.

2023 ഡിസംബറില്‍ ഭാരതീയ ന്യായ സംഹിതയ്ക്കു കീഴിലുള്ള പുതിയ ക്രിമിനല്‍ വ്യവസ്ഥകള്‍ പ്രകാരം അനധികൃത വാതുവെപ്പ് ക്രിമിനല്‍ കുറ്റമാക്കി. ഇത് പ്രകാരം ഏഴ് വര്‍ഷം വരെ തടവും കനത്ത പിഴയും ലഭിക്കാവുന്ന കുറ്റമാക്കുകയും ചെയ്തു.

ഓണ്‍ലൈന്‍ ഗെയിമിങ് മേഖലയുടെ നോഡല്‍ റെഗുലേറ്ററായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തെ അധികാരപ്പെടുത്താന്‍ ബില്‍ നിഷ്‌കര്‍ഷിക്കുന്നു. ഗെയിമിങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന രജിസ്റ്റര്‍ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ ഏതൊരു വെബ്‌സൈറ്റും തടയാനുള്ള അധികാരവും അധികാരികള്‍ക്ക് നല്‍കുന്നുണ്ട്.

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

കാസ്റ്റി‌ങ് കൗച്ച്: ദിനിൽ ബാബുവിനെതിരേ നിയമനടപടി സ്വീകരിച്ച് ദുൽക്കറിന്‍റെ വേഫെറർ ഫിലിംസ്

ഇനി പുക പരിശോധനയ്ക്കും കെഎസ്ആർടിസി!

ഹിന്ദി നിരോധനം; അവസാന നിമിഷം പിന്മാറി തമിഴ്നാട് സർക്കാർ

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; വ്യാഴാഴ്ച മുതൽ സർവീസ്