മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവിൽ 11 പേർ ട്രെയ്നിടിച്ചു മരിച്ചു. ട്രെയ്നിൽ തീപിടിച്ചെന്ന വ്യാജ പ്രചാരണം വിശ്വസിച്ച് ട്രാക്കിലേക്ക് എടുത്തു ചാടിയവരെ എതിർ ദിശയിൽ വന്ന മറ്റൊരു ട്രെയ്ൻ ഇടിക്കുകയായിരുന്നു.
പുഷ്പക് എക്സ്പ്രസ് സ്റ്റേഷൻ എത്തും മുൻപ് ട്രാക്കിൽ നിർത്തിയിട്ടപ്പോഴാണ് സംഭവം. തീപിടിത്തത്തെക്കുറിച്ചുള്ള അഭ്യൂഹത്തെത്തുടർന്ന് ആരോ അപായച്ചങ്ങല വലിച്ച് ട്രെയ്ൻ നിർത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ട്രെയ്ൻ നിന്നതോടെ യാത്രക്കാർ കൂട്ടത്തോടെ പുറത്തേക്ക് എടുത്തുചാടി. കർണാടക എക്സ്പ്രസ് വരുന്നതു ശ്രദ്ധിക്കാതെ മുന്നിലേക്ക് ചാടിയവരാണ് ട്രെയ്ൻ ഇടിച്ചു മരിച്ചത്.
പലരെയും ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് നാഷിക് ഡിവിഷണൽ കമ്മിഷണർ പ്രവീൺ ഗെദാം പറഞ്ഞു.
പുഷ്പക് എക്സ്പ്രസിലെ ഒരു കോച്ചിനുള്ളിൽ സ്പാർക്ക് ഉണ്ടായതാണ് തീപിടിത്തം എന്ന ഭീതി പരക്കാൻ കാരണമായതെന്നാണ് വിവരം.