ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ഉപാധികളോടെ ജാമ്യം
റായ്പുർ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിക്കപ്പെട്ട് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ഉപാധികളോടെ ജാമ്യം. ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത്. അറസ്റ്റിലായി 9 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സിറാജുദ്ദീന്‍ ഖുറേഷിയാണ് ജാമ്യം അനുവദിച്ചത്.
50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യം, രാജ്യം വിട്ടുപോകരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആദിവാസി യുവാവ് സുഖ്മാന്‍ മാണ്ഡവിയുമാണ് ജാമ്യാപേക്ഷ നല്‍കിയത്. നേരത്തെ, കേസില്‍ വാദം പൂർത്തിയായി വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. അറസ്റ്റിലായ അന്നുമുതല്‍ ഇവര്‍ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ ദുര്‍ഗ് സെന്‍ട്രല്‍ ജയിലിലാണ്. ശനിയാഴ്ച ഉച്ചയോടെ ഇവർ ജയിൽ മോചിതരായേക്കുമെന്നാണ് വിവരം.
മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്നായിരുന്നു കന്യാസ്ത്രീകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് വാദിച്ചത്. വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണ് ഇവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജോലിക്ക് കൊണ്ടുപോകുന്നതിനുള്ള വ്യക്തമായ രേഖകൾ ഇവരുടെ പക്കൽ ഉണ്ട്. അതിനാൽ അടിസ്ഥാനമില്ലാത്ത കുറ്റമാണെന്നാണ് അഭിഭാഷകൻ അമൃതോ ദാസ് അറിയിച്ചു.
അതേസമയം കസ്റ്റഡിയില്‍ വിടേണ്ടതുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് വേണ്ട എന്നായിരുന്നു പ്രോസിക്യൂഷന്‍ അറിയിച്ചത്. കന്യാസ്ത്രീകള്‍ക്കെതിരേ എന്തുതെളിവാണ് ഉളളതെന്ന് കോടതി ചോദിച്ചെങ്കിലും അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി. ഇതോടെ, പ്രോസിക്യൂഷന്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടാത്തതിനാല്‍ ഇവര്‍ ജയിലില്‍ തുടരേണ്ട കാര്യമില്ലെന്നും കന്യാസ്ത്രീകള്‍ക്ക് മുന്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതും പരിഗണിക്കണമെന്ന് അഭിഭാഷകൻ അമൃതോ ദാസ് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.