രാഹുൽ ഗാന്ധി
ന‍്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദി ശ്രീരാം സേന പ്രവർത്തകർ ഗംഗാജലം തളിച്ച് ശുദ്ധീകരിച്ച സംഭവത്തിൽ കേസെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരവിടണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഖാർഗെയ്ക്ക് നീതി ലഭിക്കണമെന്നും ഹൽദ്വാനിയിൽ നടന്നത് ജാതി അധിക്ഷേപമാണെന്നും രാഹുൽ പറഞ്ഞു. ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ചത് ഭരണഘടനാപരമായി ക്രിമിനൽ കുറ്റമാണെന്നും ദളിതർ ബഹുമാനിക്കപ്പെടണമെന്ന് ബിജെപിയും ആർഎസ്എസും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദളിത് അതിക്രമ നിരോധന നിയമപ്രകാരം ഉടനെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കണമെന്നാണ് രാഹുലിന്‍റെ ആവശ‍്യം. സ്കൂളുകളിൽ ദളിത് വിദ‍്യാർഥികളെകൊണ്ട് ശുചീകരണ പണി ചെയ്യിപ്പിക്കുന്നതും ചായക്കടകളിൽ പേപ്പർ കപ്പുകളിൽ ദളിതർക്ക് ചായ നൽകുന്നതുമെല്ലാം തുടരുന്ന വിവേചനത്തിന്‍റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിതിൻ റാം മഞ്ചി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഇത്തരത്തിലുള്ള അവഗണനകൾ അനുഭവിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.