ഇംഫാൽ: മണിപ്പൂരിൽ കുകി-മെയ്തെയ് ഗോത്ര വിഭാഗങ്ങൾ തമ്മിൽ കലാപം തുടരുമ്പോൾ, അയൽ സംസ്ഥാനമായ മിസോറമിൽ നിന്ന് മെയ്തെയ് വിഭാഗക്കാർ കൂട്ടത്തോടെ പലായനം ചെയ്യുന്നു.
മണിപ്പുരിൽ കുകി വിഭാഗത്തിൽപ്പെട്ട രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തുന്നതിന്‍റെ വീഡിയോ പുറത്തുവന്നതോടെയാണ് മിസോറമിൽ താമസിക്കുന്ന മെയ്തെയ് വിഭാഗക്കാരും ആശങ്കയിലായത്. ഇവർ സംസ്ഥാനം വിട്ടുപോകുന്നതായിരിക്കും നല്ലതെന്ന് മുൻ വിഘടനവാദി നേതാക്കൾ ആഹ്വാനം ചെയ്യുകയും ചെയ്തതോടെ ആശങ്ക വർധിച്ചു.
ഐസ്‌വാളിലെ ലെങ്പുയി വിമാനത്താവളത്തിൽനിന്ന് 69 മെയ്തെയ് വിഭാഗക്കാർ ഇതിനകം മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലേക്കുള്ള വിമാനം പിടിച്ചു കഴിഞ്ഞു. മണിപ്പൂരിൽനിന്നും തെക്കൻ അസമിൽനിന്നും കുടിയേറിയ ആയിരക്കണക്കിന് മെയ്തെയ് വിഭാഗക്കാർ മിസോറമിൽ താമസിക്കുന്നുണ്ട്.
ഇതിനിടെ മെയ്തെയ് വിഭാഗക്കാർ സംസ്ഥാനം വിട്ടുപോകേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും, അവരിവിടെ സുരക്ഷിതരായിരിക്കുമെന്നും മിസോറം സർക്കാർ പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.