മരത്തിൽ നിന്നും അത്ഭുത ജലം, പൂജയും പ്രാർഥനയുമായി നാട്ടുകാർ; ഒടുവിൽ മറനീക്കി രഹസ‍്യം!!
പുനെ: വിവരസാങ്കേതിക യുഗത്തിൽ ജീവിക്കുമ്പോഴും അന്ധവിശ്വാസങ്ങൾക്ക് പഞ്ഞമില്ലാത്ത നാടാണ് ഇന്ത‍്യ. അതിന് ആക്കം കൂട്ടുന്ന ഒരു വിഡിയോയാണ് സമൂഹമാധ‍്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. പുനെയിലെ പിംപ്രിയിലെ പ്രേംലോക് പാർക്കിലെ മരത്തിൽ നിന്നും അദ്ഭുത ജലം ഒഴുകിവരുന്നുവെന്ന് കരുതി സമീപവാസികൾ മരത്തിന് പൂക്കളും, മഞ്ഞളും, സിന്ദൂരവും അർപ്പിക്കുകയും, വെള്ളം കുടിക്കുകയും ചെയ്യുന്നതാണ് വിഡിയോയിൽ കാണാനാവുന്നത്.
എന്നാൽ, മുനിസിപ്പൽ പരിശോധനയിൽ ഭൂമിക്കടിയിലെ പൈപ്പ് ലൈനിൽ നിന്നുള്ള ചോർച്ചയാണിതെന്ന് കണ്ടെത്തുകയായിരുന്നു. ഗുൽമോഹർ മരത്തെ വിശുദ്ധമായി കണക്കാക്കി പൂജിക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ പ്രചരിച്ചിരുന്നു. ഇതോടെയാണ് നാട്ടുകാർ സംഭവസ്ഥലത്ത് തടിച്ചുകൂടിയത്. തടിയിൽ നിന്നൊഴുകുന്നത് അത്ഭുത ജലമാണെന്ന് കരുതി മരത്തെ ജനങ്ങൾ ആരാധിക്കുകയായിരുന്നു.
ഡെപ‍്യൂട്ടി എൻജിനീയർ സ്ഥലത്ത് നടത്തിയ പരിശോധനയിൽ, മരത്തിനടിയിലൂടെ പോകുന്ന ജല പൈപ്പ് ലൈനിലുണ്ടായ ചോർച്ച മൂലം വെള്ളം തടിയിലൂടെ പുറത്തേക്കു വന്നതെന്ന് വ‍്യക്തമാവുകയായിരുന്നു. വിഡിയോ സമൂഹമാധ‍്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിമർശനങ്ങൾക്ക് ഇടയാക്കി.