ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈപ്രസിൽ വിമാനമിറങ്ങിയപ്പോൾ.
ന്യൂഡൽഹി: സൈപ്രസ്, ക്യാനഡ, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പര്യടനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. സൈപ്രസ് പ്രസിഡന്‍റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സിന്‍റെ ക്ഷണപ്രകാരം സൈപ്രസിലേക്കാണ് ആദ്യ യാത്ര. മെഡിറ്ററേനിയൻ മേഖലയിലെയും യൂറോപ്യൻ യൂണിയനിലെയും പ്രധാന പങ്കാളിയും അടുത്ത സുഹൃത്തുമാണു സൈപ്രസ്. ചരിത്രപരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും വ്യാപാരം, നിക്ഷേപം, സുരക്ഷ, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ നമ്മുടെ ബന്ധം വികസിപ്പിക്കുന്നതിനും ജനങ്ങൾ തമ്മിലുള്ള വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും ഈ സന്ദർശനം അവസരമേകുമെന്ന് യാത്ര തിരിക്കും മുൻപ് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
സൈപ്രസിൽനിന്ന്, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണപ്രകാരം ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ക്യാനഡയിലേക്കുള്ള യാത്ര. ആഗോളപ്രശ്നങ്ങളെയും ഗ്ലോബൽ സൗത്തിന്‍റെ മുൻഗണനകളെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുന്നതിനുള്ള അവസരമാകും ജി7 ഉച്ചകോടി. പങ്കാളികളായ രാജ്യങ്ങളിലെ നേതാക്കളുമായി ഇടപഴകാൻ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കുന്നു.
ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യയും ക്യാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും വഷളായ സ്ഥിതിയിലെത്തിയിരുന്നു. ഇതിനു പരിഹാരം കാണാൻ മോദിയുടെ കനേഡിയൻ സന്ദർശനത്തിനു സാധിക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
ജൂൺ 18നാണ് പ്രധാനമന്ത്രിയുടെ ക്രൊയേഷ്യൻ പര്യടനം ആരംഭിക്കുക. പ്രസിഡന്‍റ് സോറൻ മിലനോവിച്ച്, പ്രധാനമന്ത്രി ആന്ദ്രെ പ്ലെൻകോവിച്ച് എന്നിവരുമായി കൂടിക്കാഴ്ചകൾ നിശ്ചയിട്ടിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള വളരെയടുത്ത സാംസ്കാരിക ബന്ധമാണ് ഇരുരാജ്യങ്ങൾക്കുമിടയിലുള്ളതെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ക്രൊയേഷ്യയിലേക്കുള്ള ആദ്യ സന്ദർശനം എന്ന നിലയിൽ, പരസ്പരതാത്പര്യമുള്ള മേഖലകളിൽ ഉഭയകക്ഷിസഹകരണത്തിന് ഇതു പുതിയ പാത തെളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിർത്തികടന്നുള്ള ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്കു നൽകുന്ന ഉറച്ച പിന്തുണയ്ക്കു പങ്കാളികളായ രാജ്യങ്ങൾക്കു നന്ദി പറയുന്നതിനും, ഭീകരതയെ എല്ലാ രൂപത്തിലും ആവിഷ്കാരത്തിലും നേരിടുന്നതിൽ ആഗോള ധാരണ ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരം കൂടിയാണ് ത്രിരാഷ്ട്ര പര്യടനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.