മലപ്പുറം പള്ളി വിഷയത്തിൽ ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി
Supreme court of India
ന്യൂഡൽഹി: മലപ്പുറം പള്ളി വിഷയത്തിൽ ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി. നൂറ് മുസ്ലിം പള്ളികളുണ്ടെങ്കിൽ പുതിയ പള്ളിക്കുള്ള അനുമതി നിഷേധിക്കാനാവുമോ എന്ന് കേരള ഹൈക്കോടതിയോട് സുപ്രീം കോടതി ചോദിച്ചു. ഹൈക്കോടതി നടപടിക്കെതിരേ നൂറുൽ ഇസ്ലാം സാംസ്കാരിക സംഘം നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിമർശനം.
നൂറ് പള്ളികളുണ്ടെന്നു കരുതി എങ്ങനെയാണ് ഹൈക്കോടതിക്ക് അനുമതി നിഷേധിക്കാനാവുന്നതെന്ന് കോടതി ചോദിച്ചു. നിലവിലെ കേസിലെ എതിർ കക്ഷികൾക്ക് നോട്ടീസയച്ച സുപ്രീംകോടതി, പള്ളിയുടെ നിർമാണവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കരുതെന്ന് നിർദേശിച്ചു. ഈ വിഷയത്തിൽ രമ്യമായ പരിഹാരമാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
മലപ്പുറം നിലമ്പൂരിൽ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാൻ ഇസ്ലാമിക് സാസ്ക്കാരിക സമിതി നൽകിയ അപേക്ഷ ജില്ലാ കലക്റ്റർ തള്ളിയതോടെയാണ് സംഘം ഹൈക്കോടതിയെ സമീപിച്ചത്.കെട്ടിടം ഇരിക്കുന്ന പ്രദേശത്ത് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ സമാനമായ 36 മുസ്ലിം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ച കലക്റ്ററുടെ ഉത്തരവ് ഹൈക്കോടതി ശരിവയ്കുകയായിരുന്നു. ഇതിനെതിരേയാണ് സംഘം സുപ്രീം കോടതിയെ സമീപിച്ചത്.