മണ്ണിടിച്ചിലുണ്ടായ സ്ഥലം
മുംബൈ: മുംബൈയിലെ ഘാട്കോപ്പർ പ്രദേശത്ത് കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 6 പേർക്ക് ജീവൻ നഷ്ടമാകുകയും 4 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മുഹമ്മദ് സമീർ അൻസാരി (14), സഹിൽ ഹുസൈൻ അബ്ദുൾ കാസി (19), അബാൻ ആരിഫ് ഷെയ്ഖ് (2), മനത് ആരിഫ് ഷെയ്ഖ് (4), മർജീന ആരിഫ് ഷെയ്ഖ് (27), 45 വയസ് പ്രായം വരുന്ന അജ്ഞാത വ‍്യക്തി എന്നിവരാണ് മരണപ്പെട്ടത്.
സോഹെൽ അൻസാരി (18), മുഹമ്മദ് അൻസാരി (14) എന്നിവർ പരുക്കേറ്റ് കുർളയിലെ സിവിൽ ഭാഭ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ ആരോഗ‍്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ‍്യക്തമാക്കി.
ചിലർ കുടുങ്ങി കിടക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു. ചിരാഗ് നഗറിലെ അശോക് നഗർ പ്രദേശത്ത് ഗൗഷിയ ചൗളിൽ പുലർച്ചെയോടെയാണ് മണ്ണിടിച്ചിലുണ്ടായതെന്നാണ് ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കുന്നത്. മണ്ണും അവശിഷ്ടങ്ങളും വീടിനു മുകളിലേക്ക് ഇടിഞ്ഞു വീണ് വലിയ നാശനഷ്ടമുണ്ടായതായി അധികൃതർ കൂട്ടിച്ചേർത്തു.
മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്കുള്ള വഴി ഇടുങ്ങിയതായതിനാൽ ഭാരമേറിയ യന്ത്രങ്ങൾ കൊണ്ടുവരാൻ സാധിക്കില്ല. അതിനാൽ രക്ഷാപ്രവർത്തനം വലിയ വെല്ലുവിളിയായി തുടരുകയാണ്. അഗ്നിശമന സേന, പൊലീസ്, എൻഡിആർഎഫ്, ആംബുലൻസ് ജീവനക്കാർ എന്നിവർ സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. മുംബൈ മേയർ ഋതു താവ്ഡെ സംഭവസ്ഥലം സന്ദർശിക്കുകയും ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ‍്യാപിക്കുകയും ചെയ്തു.