മഹത്തായ ലക്ഷ്യങ്ങളിലേക്ക് ചുവടുവയ്ക്കുന്ന ആണവോർജ ഉത്പാദനം
file photo
ആർ.ബി. ഗ്രോവർ
മനുഷ്യവികസനം ഊർജ ഉപഭോഗവുമായി ബന്ധപ്പെട്ടതാണ്. 1971ൽ "സയന്‍റിഫിക് അമെരിക്കനി'ൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ, പ്രാകൃത മനുഷ്യൻ മുതൽ സാങ്കേതിക മനുഷ്യൻ വരെയുള്ള ഘട്ടങ്ങളിലെ പ്രതിശീർഷ ഊർജ ഉപഭോഗത്തിന്‍റെ വളർച്ചയെക്കുറിച്ച് ഏൾ കുക്ക് വിവരിച്ചിട്ടുണ്ട്. ആദിമ മനുഷ്യനു ഭക്ഷണത്തിനു മാത്രമേ ഊർജം ആവശ്യമായിരുന്നുള്ളൂ.
വേട്ടയാടൽ ഘട്ടത്തിൽ വീടിനും വാണിജ്യത്തിനുമുള്ള ഊർജ ആവശ്യങ്ങൾ കൂടി ചേർക്കപ്പെട്ടു. മനുഷ്യർ കർഷകരായി മാറിയപ്പോൾ വ്യവസായം, കൃഷി, ഗതാഗതം എന്നിവയിൽ നിന്നുള്ള ഊർജ ആവശ്യങ്ങളും ഉയർന്നുവന്നു. വ്യാവസായിക- സാങ്കേതിക ഘട്ടങ്ങളിലൂടെ കടന്നുപോയപ്പോൾ ഭക്ഷണം, വീട്, വാണിജ്യം, കൃഷി, ഗതാഗതം എന്നിവയ്ക്കുള്ള ഊർജ ആവശ്യങ്ങൾ വർധിച്ചുകൊണ്ടിരുന്നു. ഇന്നത്തെ യുഗം ഡിജിറ്റൽ സാങ്കേതികവിദ്യകളുടേതാണ്. സമ്പദ്‌വ്യവസ്ഥയുടെ ഡിജിറ്റൽവത്കരണം അധിക ഊർജം ആവശ്യപ്പെടുന്നു.
മാനവ വികസന സൂചിക (എച്ച്ഡിഐ) എന്നതു മനുഷ്യ വികസനത്തിന്‍റെ ശരിയായ പ്രതിഫലനമാണ്. അത് പ്രതിശീർഷ വരുമാനം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ 3 പ്രധാന സൂചകങ്ങളെ സംയോജിപ്പിക്കുന്നു. എച്ച്ഡിഐയും പ്രതിശീർഷ അന്തിമ ഊർജ ഉപഭോഗവും (എഫ്ഇജി) തമ്മിലുള്ള ബന്ധം ഉപയോഗിച്ച്, നിശ്ചിത എച്ച്ഡിഐയിൽ എത്താൻ ആവശ്യമായ ഊർജത്തിന്‍റെ അളവു നിർണയിക്കാം.
ജി-20 കൂട്ടായ്മയിലെ അംഗമെന്ന നിലയിൽ, 0.9നു മുകളിൽ എച്ച്ഡിഐ ഉള്ള രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം.
0.9ൽ എത്താൻ, ഊർജ കാര്യക്ഷമതയിലും അന്തിമ ഉപയോഗങ്ങളുടെ വൈദ്യുതീകരണത്തിലുമുള്ള കൂടുതൽ മെച്ചപ്പെടുത്തലുകൾ കണക്കിലെടുക്കുമ്പോൾ, ഇന്ത്യ പ്രതിവർഷം ഏകദേശം 24,000 ടെറാ- വാട്ട്- മണിക്കൂർ (TWh) ഊർജം ഉത്പാദിപ്പിക്കേണ്ടിവരുമെന്നു ഞങ്ങളുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
ഇതിന്‍റെ ഏകദേശം 60 ശതമാനം വൈദ്യുതിയായി ഉപയോഗിക്കും. ബാക്കിയുള്ളത് ഇലക്‌ട്രോലൈസറുകളിൽ ഹൈഡ്രജൻ ഉത്പാദിപ്പിക്കാനും ഉപയോഗിക്കും. ഉരുക്ക്, വളം, പ്ലാസ്റ്റിക് തുടങ്ങിയ മേഖലകൾ കാർബൺ വിമുക്തമാക്കാൻ ഹൈഡ്രജൻ ആവശ്യമാണ്. ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിനുള്ള ബദൽ പ്രക്രിയകൾ വലിയ തോതിൽ വികസിപ്പിച്ചെടുക്കുമ്പോൾ, ആവശ്യമായ വൈദ്യുതിയുടെ അളവു കുറയും.
2023-24 കാലഘട്ടത്തിലെ ഊർജോത്പാദനം ഏകദേശം 1950 TWh ആയിരുന്നു. സമീപകാലത്തെ സംയുക്ത വാർഷിക വളർച്ചനിരക്ക് (സിഎജിആർ) ഏകദേശം 4.8 ശതമാനവുമാണ്. ഈ നിലവാരത്തിൽ വളർച്ചാനിരക്കു നിലനിർത്തിയാൽ, നാലോ അഞ്ചോ പതിറ്റാണ്ടിനുള്ളിൽ പ്രതിവർഷം 24,000 TWh ഉത്പാദിപ്പിക്കാം.
എന്നിരുന്നാലും, രണ്ടു സങ്കീർണതകൾ നിലനിൽക്കുന്നു. ഒന്നാമതായി, ഇന്ത്യ ഊർജമിശ്രണത്തെ കാർബൺമുക്തമാക്കേണ്ടതുണ്ട്. അതിനാൽ, വൈദ്യുതി ഉത്പാദനത്തിലെ വളർച്ചയ്‌ക്കൊപ്പം ഫോസിൽ ഇന്ധനങ്ങൾക്ക് പകരം വൈദ്യുതീകരണവും ഊർജമിശ്രണത്തിന്‍റെ പുനർരൂപകൽപ്പനയും വേണം. നിലവിൽ അന്തിമ ഊർജ ഉപഭോഗത്തിൽ (എഫ്ഇസി) വൈദ്യുതിയുടെ നിലവിലെ വിഹിതം ഏകദേശം 22 ശതമാനമാണ്.
അതു ഗണ്യമായി ഉയരണം. നിലവിലെ ഊർജമിശ്രണം ഫോസിൽ ഇന്ധനങ്ങളെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. അവയ്ക്കു പകരം കാർബൺ പുറന്തള്ളാത്ത ഊർജ സ്രോതസുകൾ കൊണ്ടുവരേണ്ടതുണ്ട്. അതിനർഥം ജല വൈദ്യുതി, ആണവ വൈദ്യുതി, സൗരോർജം, പവനോർജം എന്നിവയുടെ ഉത്പാദനം ഇന്ത്യ വർധിപ്പിക്കണം എന്നതാണ്. എന്നാൽ ഇന്ത്യയിൽ ജല വൈദ്യുതിയുടെയും കാറ്റിൽ നിന്നുള്ള ഊർജത്തിന്‍റെയും സാധ്യതകൾ പരിമിതമാണ്.
ഇന്ത്യയിലെ ജനസാന്ദ്രത കാരണം, സോളാർ പാനലുകൾ സ്ഥാപിക്കാൻ വലിയ ഭൂപ്രദേശങ്ങൾ മാറ്റിവയ്ക്കുന്നതിനു തടസങ്ങളുണ്ട്. ജലം, സൗരോർജം, കാറ്റ് എന്നിവയുടെ പൂർണശേഷി പ്രയോജനപ്പെടുത്തേണ്ടതുണ്ട് എങ്കിലും, 0.9നു മുകളിലുള്ള എച്ച്ഡിഐ കൈവരിക്കാൻ ആവശ്യമായ ഊർജനില നൽകാൻ അവയുടെ ശേഷി പര്യാപ്തമല്ല. അതിനാൽ, ആണവ ഉത്പാദനം വർധിപ്പിക്കേണ്ടതുണ്ട്. അതു പൂർത്തിയാകുന്നതു വരെ ഇന്ത്യക്കു ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കേണ്ടിവരും.
രണ്ടാമതായി, സൗരോർജവും കാറ്റും ഇടവിട്ടു ലഭിക്കുന്ന ഊർജസ്രോതസുകളാണ്. ഫോട്ടോവോൾട്ടെയ്ക് സെല്ലുകളോ കാറ്റാടികളോ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സ്ഥിരതയില്ലാത്തതാണ്. അതിനാൽ, വൈദ്യുതിവിതരണത്തെ ആവശ്യകതയുമായി കൂട്ടിയിണക്കുന്നതിന്, ഉത്പാദനം അധികമാകുമ്പോൾ അതു സംഭരിക്കുകയും ഉത്പാദനം ആവശ്യത്തേക്കാൾ കുറയുമ്പോൾ സംഭരിച്ചവ ഉപയോഗിക്കുകയും വേണം.
സംഭരണം ചെലവേറിയതാണ്. പ്രത്യേകിച്ച്, സൗരോർജത്തിലെയും കാറ്റിലെയും കാലാനുസൃതമായ മാറ്റങ്ങൾ പരിഹരിക്കാൻ ആവശ്യമായ സംഭരണ സംവിധാനങ്ങൾ ഒരുക്കുന്നത് അമിതമായ സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഉപഭോക്താക്കൾക്കു താങ്ങാനാകുന്ന നിരക്കിൽ വൈദ്യുതി നൽകുന്നതിന്, വൈദ്യുതിമിശ്രണത്തിനു മതിയായ അടിസ്ഥാന ലോഡ് ഉത്പാദനശേഷി ഉണ്ടായിരിക്കണം.
അതായത്, കാലാവസ്ഥയെയോ ദിവസത്തെയോ സമയമോ നോക്കാതെ തുടർച്ചയായി വൈദ്യുതി നൽകാൻ കഴിയുന്ന സംവിധാനം വേണം. ആണവ വൈദ്യുതി നിലയങ്ങൾ അടിസ്ഥാന ലോഡ് വൈദ്യുതി നൽകുന്നവയാണ്. അതിനാൽ കാർബൺമുക്ത ഊർജമിശ്രണത്തിന്‍റെ അവിഭാജ്യഘടകമായി അവ ഉണ്ടാകണം.
ഈ സാഹചര്യം കണക്കിലെടുത്ത്, ഇന്ത്യൻ വ്യവസായ മേഖലയുമായി സഹകരിച്ച് ആണവോർജ വകുപ്പിനു കീഴിലുള്ള യൂണിറ്റുകൾ, പൂർണമായും തദ്ദേശീയ വിതരണ ശൃംഖലയിലൂടെ ആണവോർജം പ്രയോജനപ്പെടുത്താൻ പരിശ്രമിച്ചുവരികയാണ്. ഇന്ത്യയിൽ ആവശ്യത്തിനു യുറേനിയം ഇല്ലാത്തതിനാൽ അതുമാത്രം ഇറക്കുമതി ചെയ്താൽ മതിയാകും.
ഇന്ധനം നിർമിക്കുന്നതിനും, ഘനജലം ഉത്പാദിപ്പിക്കുന്നതിനും, പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്റ്ററുകളുടെ (PHWRs) നിർമാണത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും നിർമിക്കുന്നതിനുമുള്ള സാങ്കേതികവിദ്യ ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിവിധ ശേഷിയിലുള്ള റിയാക്റ്ററുകളുടെ രൂപകൽപ്പനയിലും പ്രവർത്തനത്തിലും ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് പ്രാവീണ്യം നേടിയിട്ടുണ്ട്.
അതിൽ ഏറ്റവും ഉയർന്നത് 700 മെഗാവാട്ട് ആണ്. മൂന്ന് 700 മെഗാവാട്ട് യൂണിറ്റുകൾ ഇതിനകം പ്രവർത്തിക്കുന്നുണ്ട്. നാലാമത്തേതു പൂർത്തിയാകാൻ പോകുന്നു. രണ്ടെണ്ണത്തിന്‍റെ നിർമാണം പുരോഗമിക്കുകയാണ്. 2017-ൽ, 700 മെഗാവാട്ടിന്‍റെ 10 പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്റ്ററുകളുടെ നിർമാണത്തിനു കേന്ദ്ര ഗവണ്മെന്‍റ് അനുമതി നൽകി. അവയുടെ നിർമാണം പുരോഗമിക്കുകയാണ്.
1980കളിൽ സ്ഥാപിതമായ നിയന്ത്രണ സമിതി, ആണവ നിലയങ്ങളെ നിയന്ത്രിക്കാനാവശ്യമായ കഴിവും പ്രാപ്തിയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉപയോഗിച്ച ആണവ ഇന്ധനം പുനരുത്പാദിപ്പിച്ച്, അതിൽ നിന്നു വിലയേറിയ വസ്തുക്കൾ വീണ്ടെടുക്കാനും, ആണവമാലിന്യങ്ങൾ കൈകാര്യം ചെയ്യാനുമുള്ള സാങ്കേതികവിദ്യകൾ ഭാഭ ആണവ ഗവേഷണ കേന്ദ്രം (ബാർക്) വികസിപ്പിച്ചെടുത്തു.
ഈ പരിശ്രമങ്ങളുടെ ഫലമായി, ആണവോർജ ഉത്പാദനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സാങ്കേതികമായി പ്രായോഗികവും ചെലവു കുറഞ്ഞതും സുരക്ഷിതവുമായ മാർഗമായി മാറി. ഈ വിജയങ്ങൾ ഈ നൂറ്റാണ്ടിന്‍റെ മധ്യത്തോടെ 100 ജിഗാവാട്ട് ആണവ സ്ഥാപിതശേഷി എന്ന ലക്ഷ്യം നിശ്ചയിക്കാൻ കേന്ദ്ര ഗവണ്മെന്‍റിനു ധൈര്യമേകി.
പാർലമെന്‍റിന്‍റെ ഇരുസഭകളും ""പരിവർത്തിത ഇന്ത്യക്കായി ആണവോർജത്തിന്‍റെ സുസ്ഥിര ഉപയോഗവും പുരോഗതിയും ബിൽ-, 2025'' പാസാക്കി. 1962ലെ ആണവോർജനിയമത്തിലും 2010ലെ സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്റ്റിലും ഉൾപ്പെടുത്തിയിട്ടുള്ള വ്യവസ്ഥകൾ സംയോജിപ്പിച്ചു തയാറാക്കിയ സമഗ്ര നിയമ നിർമാണമാണ് ഈ ബിൽ. നിലവിലുള്ള ആണവോർജ നിയന്ത്രണ ബോർഡ് "ഈ നിയമപ്രകാരം രൂപീകരിച്ചതായി കണക്കാക്കും'' എന്ന് അതിൽ പറയുന്നു.
ആണവ നിലയത്തിന്‍റെ സുരക്ഷയുടെയും സംരക്ഷണത്തിന്‍റെയും പ്രാഥമിക ഉത്തരവാദിത്വം, നടത്തുന്ന ലൈസൻസിക്കായിരിക്കുമെന്ന് ഈ ബിൽ ഉറപ്പാക്കുന്നു.ആണവോർജത്തിനായി നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യം അത്യന്തം മഹത്തായതാണ്; പാർലമെന്‍റ് പാസാക്കിയ ബിൽ ധീരമായ ചുവടുവയ്പും. വികസിത രാജ്യമാകാൻ ഇന്ത്യക്ക് ഇത്തരം മഹത്തായ ലക്ഷ്യങ്ങളും ധീരമായ നടപടികളും അനിവാര്യമാണ്.
(ആണവോർജ കമ്മിഷൻ അംഗമാണ് ലേഖകൻ)