"പ്രഗതി'യിലൂടെ പുനരാവിഷ്‌കാരം
file graph
ഗിരിധർ അർമാനെ
അടിസ്ഥാന സൗകര്യ വികസന രംഗത്തെ ഇന്ത്യയുടെ സമീപകാല മുന്നേറ്റം കണക്കുകളിലൂടെ മാത്രം വിലയിരുത്താനാകുന്നതല്ല. കിലോമീറ്ററുകളോളം നിർമിക്കപ്പെട്ട ദേശീയ പാതകൾ, പുതിയ വിമാനത്താവളങ്ങൾ, വർധിച്ച മൂലധനച്ചെലവ് തുടങ്ങിയവ ഈ മുന്നേറ്റത്തെ സൂചിപ്പിക്കുന്ന പ്രധാന മാനദണ്ഡങ്ങളാണെങ്കിലും, സംഭവിച്ചു കൊണ്ടിരിക്കുന്ന പരിവർത്തനത്തിന്‍റെ പൂർണമായ ചിത്രം അവ നൽകുന്നില്ല. തുല്യ പ്രാധാന്യമുള്ള മറ്റൊരു കാര്യം, വൻകിട പൊതുപദ്ധതികൾ എങ്ങനെ രൂപകൽപ്പന ചെയ്യപ്പെടുന്നു, ഏകോപിപ്പിക്കപ്പെടുന്നു, നിയന്ത്രിക്കപ്പെടുന്നു, നടപ്പാക്കപ്പെടുന്നു എന്നതിലെ മാറ്റമാണ്. ഒരു ദശാബ്ദത്തിനിടെ നടന്ന ഈ ഭരണനിർവഹണപരമായ പരിവർത്തനം ദീർഘകാലമായി മുടങ്ങിക്കിടന്ന പദ്ധതികളുടെ കാര്യത്തിലടക്കം, വിവിധ മേഖലയിലുടനീളം ഫലപ്രാപ്തിയെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്.
നിലവിലെ കേന്ദ്ര സർക്കാർ 2014ൽ അധികാരത്തിൽ വന്നപ്പോൾ അടിസ്ഥാനസൗകര്യ മേഖല പ്രതിസന്ധിയിലായിരുന്നു. ₹8.8 ലക്ഷം കോടി മൂല്യമുള്ള പദ്ധതികൾ (ജിഡിപിയുടെ ഏകദേശം 8 ശതമാനം) മുടങ്ങിക്കിടക്കുകയായിരുന്നു. നിഷ്ക്രിയ ആസ്തികളുടെ വിഹിതം 11 ശതമാനത്തിനു മുകളിലായിരുന്നു. ഭൂമി ഏറ്റെടുക്കൽ, വനം- പരിസ്ഥിതി അനുമതികൾ, വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം എന്നിവയിലുണ്ടായിരുന്ന ദീർഘമായ കാലതാമസം പ്രശ്നങ്ങളായിരുന്നു. നിക്ഷേപം വർധിപ്പിക്കുന്നതിൽ മാത്രം നയപരമായ വെല്ലുവിളി ഒതുങ്ങിയിരുന്നില്ല; നിർവഹണത്തെ തടസപ്പെടുത്തിയിരുന്ന സ്ഥാപനപരമായ ബലഹീനതകൾ പരിഹരിക്കുക എന്നതും അനിവാര്യമായി മാറി.
ഈ പശ്ചാത്തലത്തിലാണ് 2015 മാർച്ചിൽ "പ്രഗതി' (PRAGATI Pro-Active Governance and Timely Implementation) അവതരിപ്പിക്കപ്പെട്ടത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ പ്രവർത്തിക്കുന്ന സമഗ്ര സർക്കാർ അവലോകന സംവിധാനമായി വിഭാവനം ചെയ്ത പ്രഗതി, നിരന്തര നിരീക്ഷണവും വകുപ്പുകൾക്കിടയിലെ ഏകോപിത ഇടപെടലുകളും മുഖേന ദീർഘകാലമായി നിലനിന്നിരുന്ന നിർവഹണ തടസങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യം നിർവഹിച്ചു. ഒഴിവാക്കാനാവുന്ന ഭരണപരമായ കാലതാമസങ്ങൾ മൂലം വൻകിട പദ്ധതികൾ സ്തംഭിക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ഇതിന്‍റെ അടിസ്ഥാന ഉദ്ദേശ്യം.
ഈ അവലോകനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള പങ്കാളിത്തം പ്രക്രിയയ്ക്ക് ആധികാരികതയും വേഗതയും നൽകി. നിർവഹണവും സമയക്രമവും ഒരുപോലെ നിർണായകമാണെന്നും, അപരിഹാര്യമായ ഏകോപന പ്രശ്നങ്ങൾ അനിശ്ചിതമായി നീണ്ടുപോകാൻ അനുവദിക്കില്ലെന്നുമുള്ള വ്യക്തമായ സന്ദേശം ഇതിലൂടെ നൽകി. മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, ജില്ലാ ഭരണകൂടങ്ങൾ എന്നിവയിലുടനീളം ഉത്തരവാദിത്തബോധം ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.
മറ്റു ഭരണ സംവിധാനങ്ങളിൽ നിന്ന് പ്രഗതിയെ വേറിട്ടുനിർത്തിയ നിർണായക ഘടകങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധ, മേഖലാപരമായ വിശദാംശങ്ങളിലുള്ള അദ്ദേഹത്തിന്‍റെ ആഴത്തിലുള്ള ഗ്രാഹ്യം, അവലോകനങ്ങളുടെ സ്ഥിരത എന്നിവയായിരുന്നു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള അധ്യക്ഷതയിൽ ഓരോ മാസവും നടത്തുന്ന 3 മണിക്കൂർ അവലോകന യോഗങ്ങൾ ഭരണ സംവിധാനത്തിലുടനീളം ശക്തമായ പ്രഭാവം ചെലുത്തി. ഏറ്റവും ഉന്നതനായ ഭരണാധികാരി സൂക്ഷ്മമായ തയാറെടുപ്പോടെ നേരിട്ട് ഇടപെടുമ്പോൾ, പ്രവർത്തനരാഹിത്യത്തിന്‍റെ ഉത്തരവാദിത്വം മറ്റൊരാളിലേയ്ക്ക് കെട്ടിവയ്ക്കുകയോ അലസതയും ചുവപ്പുനാടയും മറയാക്കുകയോ അസാധ്യമായി. കർശന വിമർശനങ്ങൾ, പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിക്കൽ, ഡാറ്റാ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്ക് നേരെയുള്ള ചോദ്യങ്ങൾ എന്നിവ പതിവായി മാറിയ ഈ യോഗങ്ങളിൽ രാഷ്‌ട്രത്തോടുള്ള അവരുടെ കടമകളെ ഓർമിപ്പിക്കുന്ന ആഹ്വാനങ്ങളും സമന്വയിപ്പിച്ചു. ഒരു ദശകത്തിനിടെ അടിസ്ഥാനസൗകര്യ വിതരണത്തിൽ ഉണ്ടായ ശ്രദ്ധേയ കുതിച്ചുചാട്ടം ഇതിന്‍റെ നേരിട്ടുള്ള ഗുണഫലമാണ്- ആ കുതിപ്പ് ഇപ്പോഴും തുടരുന്നു.
ഡിജിറ്റൽ പ്രൊജക്റ്റ് മോണിറ്ററിങ് പ്ലാറ്റ്‌ഫോമിന്‍റെ പിന്തുണയോടെ, പ്രശ്‌നങ്ങളുടെ വ്യവസ്ഥാപിത നിരീക്ഷണവും സമയബന്ധിതമായ തുടർനടപടികളും പ്രഗതി ഉറപ്പാക്കി. കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാർ മുതൽ സംസ്ഥാന ചീഫ് സെക്രട്ടറിമാർ, ജില്ലാ കലക്റ്റർമാർ, ഫീൽഡ് ലെവൽ ഉദ്യോഗസ്ഥർ വരെയുള്ളവർക്ക് ഉത്തരവാദിത്തങ്ങൾ പകുത്തു നൽകി. അധികാരപരിധിയുമായും ചുമതലകളുമായും ബന്ധപ്പെട്ട അവ്യക്തതകൾ പരിഹരിച്ചു.
ഈ പരിവർത്തനത്തിന്‍റെ ഗുണങ്ങൾ ഡാറ്റയിലൂടെ മാത്രമല്ല, വ്യക്തിഗത പദ്ധതികളുടെ പ്രവണതകളിലൂടെയും വ്യക്തമായി മനസിലാക്കാം. അതിന് ഉദാഹരണമാണ് ഭദ്രാചലം- കോവൂർ റെയ്‌ൽവേ ലൈൻ. 1999ൽ ഞാൻ അവിടെ ജില്ലാ മജിസ്‌ട്രേറ്റായിരുന്ന സമയത്താണ് ആ പദ്ധതിയുടെ ശിലാസ്ഥാപനം നടന്നത്. എന്നാൽ 18 വർഷക്കാലം, ഗണ്യമായ പ്രാദേശിക പ്രാധാന്യമുണ്ടായിരുന്നിട്ടും, ആവശ്യമായ ധനവിനിയോഗമോ അനുമതികളോ ലഭിക്കാത്തതിനാൽ പദ്ധതി കാര്യമായ പുരോഗതിയില്ലാതെ തുടർന്നു. പ്രഗതി അവലോകനങ്ങൾ ആരംഭിച്ചതിനു ശേഷമാണ് ഇത്തരം ദീർഘകാലമായി മുടങ്ങിയിരുന്ന പദ്ധതികൾക്ക് യഥാർഥ ഗതിവേഗം ലഭിച്ചത്. 2022ൽ ലൈനിന്‍റെ ഒരു പ്രധാന ഭാഗം ഉദ്ഘാടനം ചെയ്യപ്പെട്ടത് സാങ്കേതിക സാധ്യതയിലെ മാറ്റം കൊണ്ടല്ല, മറിച്ച് സ്ഥാപനപരമായ ശ്രദ്ധയും കർശനമായ തുടർനടപടികളും ശക്തിപ്പെട്ടതിന്‍റെ പ്രതിഫലനമായാണ്.
പ്രഗതിയുടെ ആദ്യ മാസങ്ങളിൽ തന്നെ സമാന മാറ്റം ദൃശ്യമായിരുന്നു. 2015ൽ മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ ടൗൺ പ്ലാനിങ് പദ്ധതികൾ വിലയിരുത്തുന്നതിനായി MMRDAയുടെയും CIDCOയുടെയും ഓഫിസുകൾ സന്ദർശിച്ചപ്പോൾ, ഇടനാഴികളിലെ അസാധാരണമായ തിരക്ക് എന്നെ ആദ്യം ആശയക്കുഴപ്പത്തിലാക്കി. ഉച്ചകഴിഞ്ഞു നടക്കാനിരുന്ന പ്രഗതി യോഗത്തിന് മുന്നോടിയായി ഉദ്യോഗസ്ഥർ അടിയന്തരമായ അന്വേഷണങ്ങളിലും തയാറെടുപ്പുകളിലുമായിരുന്നു. നവി മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നുള്ള അനുമതിയാണ് മുഖ്യ തടസം. വർഷങ്ങളായി പരിഹാരമില്ലാതെ നീണ്ടുപോയ വിഷയം. യോഗത്തിനു തൊട്ടു മുമ്പ്, ഫാക്സ് മുഖേന അനുമതി ലഭിച്ചു. അതിനു മാത്രമല്ല ഇവിടെ പ്രാധാന്യം കല്പിക്കേണ്ടത്; അനിശ്ചിതമായി നീണ്ടുപോയിരുന്ന തീരുമാനങ്ങൾ ഇനിമേൽ വിശദമായി പരിശോധിക്കപ്പെടുമെന്നും ഉത്തരവാദിത്വത്തോടെ വിശദീകരിക്കപ്പെടുമെന്നുമുള്ള പ്രതീക്ഷയാണ് യഥാർഥ പരിവർത്തനത്തിന്‍റെ സൂചനയായി കാണേണ്ടത്.
ഒരു ദശാബ്ദത്തിനിടെ ഗതാഗതം, വൈദ്യുതി, സാമൂഹിക മേഖലകളിലായി ₹85 ലക്ഷം കോടിയിലധികം മൂല്യമുള്ള അടിസ്ഥാനസൗകര്യ പദ്ധതികളുടെ പുരോഗതി പ്രഗതി അവലോകനം ചെയ്യുകയും സുഗമമാക്കുകയും ചെയ്തു. 382 പദ്ധതികളിലായി 3,000ത്തിലധികം നിർവഹണ പ്രശ്നങ്ങൾ ഇതിലൂടെ പരിഹരിക്കപ്പെട്ടു. ഈ കണക്കുകൾ ഇടപെടലിന്‍റെ വ്യാപ്തി മാത്രമല്ല, കൂടുതൽ പ്രവചനാത്മകവും ഏകോപിതവുമായ നിർവഹണ രീതിയിലേക്കുള്ള ഗുണപരമായ പരിവർത്തനത്തെയും പ്രതിഫലിപ്പിക്കുന്നു.
ഗതാഗത മേഖല, പ്രത്യേകിച്ച് ദേശീയ പാതകൾ, പ്രഗതിയുടെ നേട്ടം പ്രതിഫലിക്കുന്നതാണ്. കേന്ദ്ര ഉപരിതല ഗതാഗത– ദേശീയ പാതകൾ മന്ത്രാലയം ₹4.5 ലക്ഷം കോടിയിലധികം മൂല്യമുള്ള 325 പദ്ധതികൾ കേന്ദ്രീകൃതവും ഏകോപിതവുമായ ഇടപെടലിലൂടെ നടപ്പാക്കി. ഭൂമി ഏറ്റെടുക്കൽ, വനം- വന്യജീവി വകുപ്പ് അനുമതികൾ, യൂട്ടിലിറ്റി ഷിഫ്റ്റിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ 95 ശതമാനത്തിലധികം പരിഹരിച്ചു. തടസങ്ങൾ പരിഹരിക്കാൻ ചെലവഴിക്കുന്ന ശരാശരി സമയം ഒരു വർഷത്തിൽ നിന്ന് 3 മാസത്തിൽ താഴെയായി.
ഭരണപരമായ ഈ മുന്നേറ്റം മൂർത്തമായ ഫലങ്ങളിലേക്ക് രൂപാന്തരപ്പെട്ടു. ഡൽഹി- മുംബൈ എക്സ്പ്രസ് വേ, ഡൽഹി അർബൻ എക്സ്റ്റൻഷൻ റോഡ്- II, അംബാല– കോറ്റ്‌പുത്‌ലി ഹൈ സ്പീഡ് കോറിഡോർ എന്നിവയടക്കമുള്ള പദ്ധതികൾ നീണ്ട കാലതാമസത്തിനു ശേഷം പുരോഗമിച്ചു. ഈ കാലയളവിൽ, ദേശീയപാതകളുടെ നിർമാണ വേഗത 2014ലെ പ്രതിദിനം 12 കിലോമീറ്ററിൽ നിന്ന് 35 കിലോമീറ്ററായി ഉയർന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ മുഴുവൻ ജീവിതചക്രത്തെയും ശക്തിപ്പെടുത്തുന്ന വിപുലമായ പരിഷ്കാരങ്ങളുടെ ഭാഗമായാണ് പ്രഗതി പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിന് കീഴിലുള്ള ഏകോപിത ആസൂത്രണം ഏകീകൃതമല്ലാത്ത തീരുമാനമെടുക്കൽ പ്രക്രിയ മൂലമുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കി. ഭൂമി ഏറ്റെടുക്കലിനും പാരിസ്ഥിതിക അനുമതികൾക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചതോടെ അംഗീകാരത്തിനുള്ള സമയങ്ങൾ ഗണ്യമായി ചുരുങ്ങി.
കരാർ നിയന്ത്രണം, തർക്കപരിഹാരം, പദ്ധതി- സന്നദ്ധതാ മാനദണ്ഡങ്ങൾ എന്നിവയിലുള്ള പരിഷ്കാരങ്ങൾ അപകട സാധ്യതകൾ കുറയ്ക്കുകയും സ്വകാര്യ മേഖലയുടെ ആത്മവിശ്വാസം ഉയർത്തുകയും ചെയ്തു. ഒട്ടേറെ സംസ്ഥാന സർക്കാരുകൾ ഈ വേദി ഉപയോഗിച്ച് അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ വേഗത വർധിപ്പിച്ചു. "സബ്കാ സാഥ്, സബ്കാ വികാസ് ' എന്ന തത്വം ഭരണപരമായ പ്രായോഗികതയിലേക്ക് വിജയകരമായി വിവർത്തനം ചെയ്തു.
ഈ നടപടികൾ പൊതുമൂലധന ചെലവിൽ സ്ഥിരതയാർന്ന വർധനവിനെയും, സുസ്ഥിരമായ പദ്ധതിപ്രവാഹത്തിനെയും പിന്തുണച്ചു. ദേശീയ പാതകൾ, റെയ്‌ൽവേകൾ, വിമാനത്താവളങ്ങൾ, നഗര ഗതാഗത സംവിധാനങ്ങൾ എന്നിവയിൽ അതിന്‍റെ ഗുണഫലങ്ങൾ ദൃശ്യമാണ്. ഇതിൽനിന്നുള്ള പ്രധാന പാഠം വ്യക്തമാണ്: അടിസ്ഥാന സൗകര്യ വികസനം സാമ്പത്തിക പ്രതിബദ്ധതയോളം തന്നെ ഭരണ രൂപകൽപ്പനയെയും ആശ്രയിച്ചിരിക്കുന്നു.
വിഷൻ 2047ലേക്ക് ഇന്ത്യ ദിശാബോധത്തോടെ മുന്നോറുമ്പോൾ, ആസൂത്രിതമായ അടിസ്ഥാനസൗകര്യ വികസനത്തിന്‍റെ വൈപുല്യം സ്ഥാപനപരമായ ശേഷിയിലും വർധിതമായ ആവശ്യകത സൃഷ്ടിക്കും. പുരോഗതി നിലനിർത്താൻ ഭരണ രീതികളെ വിവിധ മേഖലകളിലും സംസ്ഥാനങ്ങളിലും കൂടുതൽ ആഴത്തിൽ ഉൾപ്പെടുത്തുക എന്നത് അനിവാര്യമാകും. അതിനാൽ, പ്രഗതിയെ ഒരു താത്കാലിക ഇടപെടലായി കാണുന്നതിനു പകരം, അടിസ്ഥാനസൗകര്യ പദ്ധതികളിലെ നിർവഹണ തന്ത്രങ്ങളുമായി അഭിലാഷങ്ങളെ സമന്വയിപ്പിക്കുന്ന തുടർശ്രമങ്ങളുടെ ഭാഗമെന്ന നിലയിലാണ് തിരിച്ചറിയേണ്ടത്.
(കേന്ദ്ര ഉപരിതല ഗതാഗത- ദേശീയപാതാ മന്ത്രാലയം മുൻ സെക്രട്ടറിയാണ് ലേഖകൻ).