നാൽകോയുടെ പ്ലാന്‍റ് വികസനം: യുഎഇ യുമായി കരാർ ഒപ്പുവെച്ച് ഇന്ത്യ
ദുബായ്: ഒഡിഷയിലെ അംഗുലിലുള്ള നാൽകോയുടെ സ്മെൽട്ടർ പ്ലാന്‍റ് വൻതോതിൽ വികസിപ്പിക്കുന്നതിനായി യുഎഇയിലെ പ്രമുഖ സ്ഥാപനമായ എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയവുമായി ഇന്ത്യ നിർണായക കരാറിലെത്തി. ദുബായിൽ നടന്ന ചടങ്ങിൽ നാൽകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബ്രിജേന്ദ്ര പ്രതാപ് സിംഗും ഇ.ജി.എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുനാസർ ബിൻ കൽബാനും കരാറിൽ ഒപ്പുവെച്ചു. 2030-ന്‍റെ അവസാനത്തോടെ വിപുലീകരിച്ച പ്ലാന്‍റിൽ ഉൽപ്പാദനം ഔദ്യോഗികമായി ആരംഭിക്കാനാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്.
പ്രതിവർഷം 5 ലക്ഷം ടൺ അലുമിനിയം ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതാണ് പുതിയ പദ്ധതി. നിലവിലുള്ള ഉൽപ്പാദന ശേഷിയോടൊപ്പം ഈ വിപുലീകരണവും കൂടി യാഥാർത്ഥ്യമാകുന്നതോടെ നാൽകോയുടെ മൊത്തം വാർഷിക ഉൽപ്പാദന ശേഷി ഏകദേശം 10 ലക്ഷം ടണ്ണായി ഉയരും.
ഇ.ജി.എ വികസിപ്പിച്ചെടുത്ത അത്യാധുനിക 'ഡി.എക്സ് പ്ലസ് അൾട്രാ' അലുമിനിയം സ്മെൽട്ടിങ് സാങ്കേതികവിദ്യയാണ് ഈ പദ്ധതിക്കായി നാൽകോ ഉപയോഗപ്പെടുത്തുന്നത്. ഉൽപ്പാദനക്ഷമത പരമാവധി വർധിപ്പിക്കുന്നതിനും ഊർജ ഉപഭോഗം കുറയ്ക്കുന്നതിനും ഈ ആധുനിക സാങ്കേതികവിദ്യ ഏറെ സഹായകരമാകും.
സാങ്കേതികവിദ്യ ലൈസൻസിനൊപ്പം പ്ലാന്‍റിന്‍റെ രൂപരേഖകളും സാങ്കേതിക അറിവുകളും കൈമാറാനും കരാറിൽ വ്യവസ്ഥയുണ്ട്.