നീറ്റ് പരീക്ഷാ പരിഷ്‌കാരത്തിൽ കേന്ദ്രത്തിന്‍റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാരോട് സുപ്രീം കോടതി

 
India

നീറ്റ് പരീക്ഷാ പരിഷ്‌കാരം; കേന്ദ്രത്തിന്‍റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാരോട് സുപ്രീം കോടതി

കേസ് ഓഗസ്റ്റ് 19ന് വീണ്ടും പരിഗണിക്കുമെന്നും അതിനുമുൻപ് കേന്ദ്രത്തിന്‍റെ മറുപടി സത്യവാങ്മൂലത്തിന് ഹർജിക്കാർക്ക് മറുപടിയും നിർദേശങ്ങളും സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി

Sarath Nath MS

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (യുജി) പേന-പേപ്പർ രീതിയിൽ നിന്ന് ജെഇഇ (മെയിൻസ്, അഡ്വാൻസ്ഡ്) മാതൃകയിലുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ സംവിധാനത്തിലേക്ക് മാറ്റുന്നത് സജീവമായി പരിഗണനയിലാണെന്ന കേന്ദ്ര സർക്കാരിന്‍റെ സത്യവാങ്മൂലത്തിന് മറുപടി സമർപ്പിക്കാൻ ഹർജിക്കാരോട് സുപ്രീം കോടതി നിർദേശിച്ചു. കേസ് ഓഗസ്റ്റ് 19ന് വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. അതിനുമുൻപ് കേന്ദ്രത്തിന്‍റെ മറുപടി സത്യവാങ്മൂലത്തിന് ഹർജിക്കാർക്ക് മറുപടിയും നിർദേശങ്ങളും സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലേക്ക് മാറാൻ തീരുമാനമുണ്ടെങ്കിൽ അത് എത്രയും വേഗം നടപ്പാക്കണമെന്ന് ഡോക്റ്റർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷനെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷക തൻവി ദുബെ കോടതിയെ അറിയിച്ചു. നിലവിൽ വിദ്യാർഥികൾ പേന-പേപ്പർ രീതിയെ അടിസ്ഥാനമാക്കിയാണു തയ്യാറെടുക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയായി, എല്ലാ വശങ്ങളും കോടതി പരിഗണിക്കുമെന്നും ഹർജിക്കാർക്ക് നിർദേശങ്ങൾ സമർപ്പിക്കാമെന്നും ബെഞ്ച് അറിയിച്ചു.

നീറ്റ് (യുജി) പരീക്ഷയെ പേന-പേപ്പർ രീതിയിൽ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റുന്നത് ഒറ്റഘട്ടമോ രണ്ടുഘട്ടമോ ആക്കണമെന്ന കാര്യം ബന്ധപ്പെട്ട കക്ഷികൾ സജീവമായി പരിശോധിക്കുകയാണെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ അറിയിച്ചു. ഈ വിഷയത്തിൽ അന്തിമ തീരുമാനം നന്ദൻ നിലേകനിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല ടാസ്‌ക് ഫോഴ്സിന്‍റെ ശുപാർശകൾ പരിഗണിച്ച ശേഷമേ എടുക്കൂ എന്നും സർക്കാർ വ്യക്തമാക്കി. സാങ്കേതികവിദ്യ, ബഹിരാകാശം, ഇന്‍റലിജൻസ്, അക്കാദമിക മേഖല, പൊതുഭരണം എന്നിവയിലെ വിദഗ്ധർ ഉൾപ്പെട്ട ടാസ്‌ക് ഫോഴ്സ് സാങ്കേതിക, സുരക്ഷ, സമത്വം, അടിസ്ഥാനസൗകര്യം, അധ്യാപനരീതി തുടങ്ങിയ എല്ലാ വശങ്ങളും സമഗ്രമായി വിലയിരുത്തുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും ഒഴിവാക്കാൻ നീറ്റ് പരീക്ഷാ നടത്തിപ്പിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

ഭാവിയിൽ നീറ്റ് പരീക്ഷകൾ എങ്ങനെ നടത്തുമെന്നും പരീക്ഷാ സംവിധാനത്തിൽ ദീർഘകാല മെച്ചപ്പെടുത്തലുകൾ എങ്ങനെ ഉറപ്പാക്കുമെന്നും വിശദീകരിക്കാൻ സുപ്രീം കോടതി മേയ് 29ന് കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

മുത്തങ്ങ കേസ്; വിചാരണ കോടതിയുടെ ശിക്ഷാവിധിയിൽ പിഴവുണ്ടെന്ന് ഹൈക്കോടതി, വിമർശനം

വനിതാ കർഷകർക്ക് ഡ്രോൺ പരിശീലനം; തമിഴ്നാട് സർക്കാരിന്‍റെ 'വെട്രി വാൻമകൾ' പദ്ധതി

ബ്ലിങ്കിറ്റിൽ പോർക്ക് വിൽപ്പന; കശ്മീരിൽ പ്രതിഷേധവുമായി മതസംഘടനകൾ

ഉത്തരാഖണ്ഡിൽ കനത്ത മഴ; നദികൾ അപകടനിരപ്പിൽ, സ്കൂളുകൾക്ക് അവധി, ദേശീയപാതകൾ അടച്ചു

സാൽബോണി ഭൂമി കൈയേറ്റക്കേസിൽ അഭിഷേക് ബാനർജിയുടെ പിഎയ്‌ക്ക് ആശ്വാസം; അറസ്റ്റ് സുപ്രീം കോടതി സ്റ്റേ ചെയ്തു