ഗ്രേറ്റ് നിക്കോബാർ പദ്ധതിയുടെ രേഖാചിത്രം.
ന്യൂഡൽഹി: കിഴക്കൻ തീരത്ത് രാജ്യത്തിന്‍റെ പ്രതിരോധത്തിലും വികസനത്തിലും മുഖംമാറ്റത്തിനു വഴിയൊരുക്കുന്ന ഗ്രേറ്റ് നിക്കോബാർ പദ്ധതിക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ (എൻജിടി) പച്ചക്കൊടി. പരിസ്ഥിതി വാദികളുടെ ആശങ്കകൾ തളളിക്കൊണ്ട് കോൽക്കത്ത ആസ്ഥാനമായ എൻജിടി കിഴക്കൻ മേഖലാ ബെഞ്ച് അധ്യക്ഷൻ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയാണ് തന്ത്രപ്രധാന പദ്ധതിക്ക് അനുമതി നൽകിയത്. കേന്ദ്രം എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.
പദ്ധതി ദ്വീപ് തീര നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്‍റെ ലംഘനമാണെന്നായിരുന്നു ഹർജികളിലെ ആരോപണം. പദ്ധതിക്കെതിരായ രണ്ടാം വട്ടം നിയമനടപടികളാണ് ഇപ്പോൾ പൂർത്തിയായത്. 2023 ഏപ്രിലിൽ ട്രൈബ്യൂണൽ ആദ്യവട്ടം ഹർജികൾ പരിഗണിച്ച് അനുമതി നൽകിയിരുന്നു. അന്ന് ചില ആശങ്കകൾ പരിശോധിക്കാൻ ഉന്നതാധികാര സമിതി രൂപീകരിക്കുകയും ചെയ്തു. മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി അന്ന് ഉത്തരവിട്ടിരുന്നു.
എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഈ ഘട്ടത്തിൽ വീണ്ടും സ്റ്റേ നൽകുകയോ ഇടപെടുകയോ ചെയ്യുന്നതിൽ നീതീകരണമില്ലെന്നുമാണ് ട്രൈബ്യൂണൽ വ്യക്തമാക്കിയത്.
ഗ്രേറ്റ് നിക്കോബാർ മെഗാ പദ്ധതി
ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ 81000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് ഗ്രേറ്റ് നിക്കോബാർ മെഗാ പദ്ധതിയെന്ന പേരിൽ കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്നത്. 166 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ലക്ഷ്യമിടുന്ന പദ്ധതിക്കായി 130 ചതുരശ്ര കിലോമീറ്റർ വനഭൂമി ഉപയോഗിക്കേണ്ടിവരും. 10 ലക്ഷത്തോളം മരങ്ങളാണ് ഇതിനായി വെട്ടിമാറ്റുന്നത്.
ഒരു കണ്ടെയ്‌ൻ ട്രാൻസ്ഷിപ്മെന്‍റ് തുറമുഖം, സംയോജിത നഗരം, സിവിൽ- സൈനിക ഉപയോഗത്തിനുള്ള വിമാനത്താവളം, വാതകത്തിലും സോളാറിലും പ്രവർത്തിക്കുന്ന 450 എംവിഎ ഊർജ പദ്ധതി തുടങ്ങിയവയാണു കേന്ദ്ര സർക്കാരിന്‍റെ ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ഉൾപ്പെടുന്നത്. ദ്വീപിന്‍റെ തെക്കൻ തീരത്ത് ഗലാത്തിയ ഉൾക്കടലിലാണ് തന്ത്രപ്രധാനമായ ആഴക്കടൽ തുറമുഖം. കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാതാ മന്ത്രാലയത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും ഈ തുറമുഖം.
പ്രതിരോധത്തിൽ നിർണായകം
ഇന്ത്യൻ മഹാസമുദ്രത്തെയും പസഫിക്കിനെയും ബന്ധിപ്പിക്കുന്ന കപ്പൽ പാതയിലെ തന്ത്രപ്രധാനമായ മലാക്ക കടലിടുക്കിൽ നിന്ന് 74-167 കിലോമീറ്റർ മാത്രം അകലെയാണ് നിക്കോബാർ ദ്വീപ്. ചൈനീസ് കപ്പലുകൾ തെക്കൻ ചൈനാക്കടലിൽ നിന്ന് ഇന്ത്യൻ സമുദ്രത്തിലേക്കും തിരിച്ചും സഞ്ചരിക്കുന്ന സുണ്ട, ലൊംബോക് കടലിടുക്കുകളിലേക്കും നിക്കോബാർ ദ്വീപിൽ നിന്ന് ഏറെ ദൂരമില്ല. അതിനാൽത്തന്നെ നാവികസേനയ്ക്ക് ഉപയോഗിക്കാനാകുന്ന ഒരു തുറമുഖവും സൈന്യത്തിന് പിന്തുണ നൽകുന്ന വിമാനത്താവളവും ഗ്രേറ്റ് നിക്കോബാറിൽ വരുന്നത് മേഖലയിൽ ഇന്ത്യയ്ക്ക് തന്ത്രപരമായി ഏറെ പ്രധാനമാണ്.
ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഇപ്പോൾ ഇന്ത്യയ്ക്ക് മൂന്നു സേനകളുടെയും കമാൻഡുണ്ട്. ഇതു കൂടുതൽ ശക്തമാക്കാൻ പദ്ധതി സഹായിക്കും. ഇന്ത്യൻ സമുദ്രത്തിൽ നിരീക്ഷണം ശക്തമാക്കാനും കപ്പലുകളും യുദ്ധവിമാനങ്ങളും ഡ്രോണുകളും വിന്യസിക്കാനുമെല്ലാം വലിയ പിന്തുണയാകും ഗ്രേറ്റ് നിക്കോബാറിലെ പദ്ധതി നൽകുക.
ചൈനയ്ക്ക് ആശങ്ക
പശ്ചിമേഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും ചൈനയിലേക്കുള്ള എണ്ണക്കപ്പലുകളുടെ സഞ്ചാരപാതയാണ് മലാക്ക കടലിടുക്ക്. ഇവിടെ ഇന്ത്യയുടെ ഏതു നീക്കവും ചൈനയ്ക്ക് ആശങ്കയുണ്ടാക്കും. മുൻ ചൈനീസ് പ്രസിഡന്‍റ് ഹു ജിന്‍റാവോ ഒരിക്കൽ ഇതേക്കുറിച്ചു പറഞ്ഞത് മലാക്ക പ്രതിസന്ധിയെന്നാണ്. ഈ പ്രയോഗം പിന്നീട് അന്താരാഷ്‌ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു.
മലാക്ക കടലിടുക്കിന്‍റെ പടിഞ്ഞാറൻ കവാടത്തോടു ചേർന്നാണ് നിക്കോബാർ ദ്വീപ്. പുതിയ പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ ഈ പ്രദേശം പൂർണമായി ഇന്ത്യയുടെ നിരീക്ഷണത്തിലാകും. സംഘർഷ സാഹചര്യങ്ങളിൽ ഇന്ത്യയ്ക്ക് വ്യക്തമായ മേൽക്കൈ ലഭിക്കും.
ബെൽറ്റ് റോഡ് പദ്ധതിയുടെ മറവിൽ ഇന്ത്യൻ സമുദ്രത്തിൽ തുറമുഖങ്ങൾ തുറക്കാനും നാവികസേനാ വിന്യാസം ശക്തമാക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ചൈന. ഗ്വാദർ, ഹംബൻതോട്ട തുറമുഖങ്ങൾ ഇതിന്‍റെ ഭാഗമാണ്. ചൈനീസ് നീക്കങ്ങൾക്ക് കിഴക്കൻ മേഖലയിൽ ഇന്ത്യയുടെ ശക്തമായ മറുപടിയായി ഗ്രേറ്റ് നിക്കോബാർ തുറമുഖം.
ഇന്ത്യയുടെ കിഴക്കുനോക്കി നയത്തോടു ചേർന്നു നിൽക്കുന്നതു കൂടിയാകും പദ്ധതി. ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി ഇന്ത്യയുടെ പങ്കാളിത്തം വർധിച്ചു വരുകയാണ്. ഇതു കൂടുതൽ ശാക്തീകരിക്കാൻ നിക്കോബാർ തുറമുഖം സഹായിക്കും. കൂടാതെ യുഎസും ജപ്പാനും ഓസ്ട്രേലിയയും ഇന്ത്യയുമുൾപ്പെട്ട ക്വാഡ് സഖ്യത്തിനും ഈ നീക്കം നിർണായകം. കഴിഞ്ഞ മാസം രണ്ടിന് സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ കാർ നിക്കോബാറിലെ വ്യോമസേനാ താവളത്തിൽ നവീകരിച്ച റൺവേ ഉദ്ഘാടനം ചെയ്തിരുന്നു. വ്യോമ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനൊപ്പം വ്യോമസേനയുടെ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നതാണു പുതിയ റൺവേ.
നിരാശാജനകമെന്ന് പരിസ്ഥിതി പ്രവർത്തകർ
ട്രൈബ്യൂണൽ തീരുമാനം നിരാശാജനകമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെയും മുൻ പരിസ്ഥിതി മന്ത്രി ജയ്റാം രമേശിന്‍റെയും പ്രതികരണം. പദ്ധതി അപകടകരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ ജയ്റാം രമേശ് പറഞ്ഞു. ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിൽ ട്രൈബ്യൂണൽ നിർദേശിച്ച മുൻകരുതലുകൾ കൊണ്ട് കാര്യമില്ല.
കൽക്കട്ട ഹൈക്കോടതിയിൽ കേസ് ഇപ്പോഴും നിലവിലുണ്ടെന്നും ഇതിലാണു പ്രതീക്ഷയെന്നും അദ്ദേഹം. ഹൈക്കോടതി ഇടപെടലിലാണ് ഇനി പ്രതീക്ഷയെന്ന് മുംബൈ ആസ്ഥാനമായ കൺസർവേഷൻ ആക്‌ഷൻ ട്രസ്റ്റ് എക്സിക്യൂട്ടിവ് ട്രസ്റ്റി ദേബി ഗോയങ്കയും പ്രതികരിച്ചു.