ബിഹാറിലെ സീതാമർഹിക്കു സമീപം പുനൗരാധമിൽ നിർമിക്കുന്ന ജാനകീ ക്ഷേത്രത്തിന്‍റെ മാതൃക.
പറ്റ്ന: സീതാദേവിയുടെ ജന്മസ്ഥലമായ സീതാമർഹിയിലെ പുനൗരാധമിൽ നിർമിക്കുന്ന ക്ഷേത്രത്തിന്‍റെ മാതൃക ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പുറത്തിറക്കി. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധിപ്പിച്ച് തീർഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം.
"സീതാമർഹിയിലെ പുനൗരാധാമിലുള്ള ജഗത് ജനനി മാതാ ജാനകിയുടെ ജന്മസ്ഥലത്തു നിർമിക്കുന്ന മഹത്തായ ക്ഷേത്രത്തിന്‍റെ വാസ്തുവിദ്യാ മാതൃക തയാറായിരിക്കുന്നുവെന്ന് സന്തോഷത്തോടെ അറിയിക്കട്ടെ.
നിർമാണ പ്രക്രിയ വേഗത്തിലാക്കാൻ ഒരു സമർപ്പിത ട്രസ്റ്റും സ്ഥാപിച്ചും. ക്ഷേത്ര നിർമാണം ബിഹാറിലെ എല്ലാവർക്കും അഭിമാനവും അനുഗ്രഹവും കൊണ്ടുവരും''- നിതീഷ് പറഞ്ഞു. ഭാരതീയ പൈതൃകം വിളിച്ചോതുന്ന ക്ഷേത്രത്തിൽ തീർഥാടകർക്ക് എല്ലാ ആധുനിക സൗകര്യങ്ങളും ലഭ്യമായിരിക്കും.
ഭാരതീയ പൈതൃകം വിളിച്ചോതുന്ന ക്ഷേത്രത്തിൽ തീർഥാടകർക്ക് എല്ലാ ആധുനിക സൗകര്യങ്ങളും ലഭ്യമായിരിക്കും. വിശ്രമമുറി, ധർമശാല, മ്യൂസിയം, വാഹനപാർക്കിങ് സൗകര്യം, പ്രാർഥനാ ഹാൾ തുടങ്ങിയ ക്ഷേത്രത്തിന്‍റെ ഭാഗമാണ്. മതനേതാക്കളും ഐഎഎസ് ഉദ്യോഗസ്ഥരും വാസ്തുവിദ്യാ വിദഗ്ധരും ഉൾപ്പെട്ട ട്രസ്റ്റാകും ക്ഷേത്ര നിർമാണത്തിനു മേൽനോട്ടം വഹിക്കുക.
മിഥിലയിലെ രാജകുമാരിയായ സീതാദേവിയുടെ ജന്മസ്ഥലം പുനൗരാധമാണെന്നാണു വിശ്വാസം. അയോധ്യ മാതൃകയിൽ പുനൗരാധത്തെ വികസിപ്പിക്കാനാണു സർക്കാർ ആലോചിക്കുന്നത്. ഇതിനായി 50 ഏക്കർ ഭൂമി ഏറ്റെടുക്കും. ക്ഷേത്ര നിർമാണം പൂർത്തിയായാൽ അയോധ്യയുമായി കൂട്ടിയിണക്കി തീർഥാടക ഇടനാഴിയുൾപ്പെടെ പദ്ധതിയുണ്ട്. രാം- ജാനകി മാർഗ് എന്ന പേരിൽ അയോധ്യയിൽ നിന്ന് ഇവിടേക്കുള്ള റോഡിന്‍റെ നിർമാണം ത്വരിതഗതിയിൽ മുന്നേറുകയാണ്. അയോധ്യ- സീതാമർഹി വന്ദേഭാരത് എക്സ്പ്രസുകൾ വേണമെന്ന ആവശ്യവും നിതീഷ് മുന്നോട്ടുവച്ചിട്ടുണ്ട്.