ലഖ്‌നൗവിലെ കോച്ചിങ് സെന്ററില്‍ ഉണ്ടായ വന്‍ തീപിടിത്തം

 
India

ലഖ്നൗവിലെ കോച്ചിങ് സെന്‍ററില്‍ വന്‍ തീപിടിത്തം; വിദ്യാർഥികൾ ഉൾപ്പെടെ 15 പേർ മരിച്ചു

കോച്ചിങ് സെന്ററിനോടൊപ്പം ഗെയിമിങ് കേന്ദ്രവും പ്രവര്‍ത്തിച്ചിരുന്ന ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്

Sarath Nath MS

ലഖ്നൗ (യുപി): ഉത്തർ പ്രദേശിലെ ലഖ്നൗവിലുണ്ടായ വൻ തീപിടിത്തത്തിൽ വിദ്യാർഥികളടക്കം 15 പേർ മരിച്ചു. ഏഴ് പേർക്ക് പരുക്കേറ്റു. വടക്കൻ ലഖ്നൗവിലെ അലിഗഞ്ചിലുള്ള ഉഷാ മേത്ത മാർഗിലെ മൂന്നുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ പ്രവർത്തിച്ചിരുന്ന അനിമേഷൻ സെന്‍ററിൽ ക്ലാസ്സിൽ പങ്കെടുക്കുകയായിരുന്ന വിദ്യാർഥികളാണ് മരിച്ചവരിൽ ഭൂരിഭാഗവും. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. ഇവിടെ ഒരു പെറ്റ് ക്ലിനിക്കും പ്രവർത്തിച്ചിരുന്നു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ റിപ്പോർട്ട് ചെയ്ത തീ അണയ്ക്കാൻ ഹൈഡ്രോളിക് പ്ലാറ്റ്‌ഫോം വാഹനമുൾപ്പെടെ 14 അഗ്നിശമന യൂണിറ്റുകളെ നിയോഗിച്ചു.

"സംഭവത്തിന് ശേഷം 22 പേരെയാണ് കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി (കെജിഎംയു) ട്രോമ സെന്‍ററിൽ എത്തിച്ചത്. ഇതിൽ 15 പേർ മരിച്ചതായാണ് വിവരം. പരിക്കേറ്റ അഞ്ച് പേർ ചികിത്സയിലാണ്, അവരുടെ നില തൃപ്തികരമാണ്," കെജിഎംയു പിആർഒ പ്രൊഫ. കെ.കെ. സിംഗ് പിടിഐയോട് പറഞ്ഞു. കെട്ടിടത്തിൽ നിന്ന് ചാടിയതിനെ തുടർന്ന് പരിക്കേറ്റ രണ്ട് കുട്ടികൾ ചികിത്സയിലാണെന്ന് ട്രോമ സെന്‍ററിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. അനിൽ അഗർവാൾ അറിയിച്ചു.

രക്ഷാപ്രവർത്തനത്തിനിടെ കെട്ടിടത്തിന്‍റെ മുകൾഭാഗത്ത് തുളച്ച് അതിലൂടെയാണ് രക്ഷാപ്രവർത്തകർ അകത്ത് കടന്നത്. വിവരം അറിഞ്ഞ ഉടൻ അലിഗഡിലെ സന്ദർശനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവസ്ഥലത്തെത്തി.

സംഭവം നടക്കുമ്പോൾ ഡെപ്യൂട്ടി മുഖ്യമന്ത്രി ബ്രജേഷ് പഥക് സ്ഥലത്തെത്തിയിരുന്നു. വേനലവധിക്കാലത്ത് അനിമേഷൻ പഠിക്കാൻ എത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. "പെട്ടെന്നാണ് തീപിടിത്തമുണ്ടായത്. കുട്ടികൾ പുറകുവശത്തേക്ക് ഓടിയെങ്കിലും രക്ഷപ്പെടാനായില്ല," പഥക് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചു.

അഗ്നിശമന സേനയും ദേശീയ ദുരന്തനിവാരണ സേനയും (എൻഡിആർഎഫ്) കെട്ടിടത്തിനുള്ളിൽ പരിശോധന തുടരുകയാണ്. ഹോം പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദ്, ഡിജിപി രാജീവ് കൃഷ്ണ, ലഖ്നൗ പൊലീസ് കമ്മീഷണർ അമരേന്ദ്ര സെംഗാർ എന്നിവരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ദക്ഷിണ ഡൽഹിയിലെ റെസ്റ്റോറന്‍റിലുണ്ടായ വൻ തീപിടിത്തത്തിൽ 20-ഓളം പേർ മരിച്ച് ആഴ്ചകൾക്കുള്ളിലാണ് ലഖ്നൗവിലും ഇത്തരം ദുരന്തം സംഭവിച്ചിരിക്കുന്നത്.

കെഎസ്ആർടിസിക്ക് ഇനി കസ്റ്റമർ കെയർ നമ്പറും വാട്സാപ്പ് ടിക്കറ്റും

മഴ; പത്തനംതിട്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ 'ക‍്യാ ബോൽതീ പബ്ലിക് ക‍്യാംപെയിൻ'; പുതിയ നീക്കവുമായി സിജെപി

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറുമായി കൂടിക്കാഴ്ച നടത്തി പ്രശാന്ത് കിഷോർ

ദേശീയ ബയോഗ്യാസ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; 23,731 കോടി രൂപ ചെലവിൽ ശുദ്ധ ഇന്ധന ഉൽപാദനം വർധിപ്പിക്കും