അലക്ഷ്യമായോ, കുറ്റകരമായോ ഉണ്ടാകുന്ന വാഹനപകടത്തിൽ ഇന്‍ഷുറന്‍സിന് അര്‍ഹതയില്ല: സുപ്രീംകോടതി
file image
ന്യൂഡല്‍ഹി: അലക്ഷ്യമായോ, കുറ്റകരമായോ, അതിസാഹസികമായോ വാഹനം ഓടിക്കുന്നതുകൊണ്ടുണ്ടാകുന്ന അപകടങ്ങളിൽ വാഹനം ഓടിച്ച വ്യക്തി മരിച്ചാല്‍, മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാധ്യതയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. നഷ്ടപരിഹാരം തേടിയുള്ള ഹര്‍ജി തള്ളിയ കര്‍ണാടക ഹൈക്കോടതിയുടെ വിധി ശരിവച്ചാണ് സുപ്രീംകോടതി ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചിന്‍റെ ഈ നിരീക്ഷണം.
2014 ജൂണ്‍ 18-ന് കര്‍ണാടകത്തില്‍ വാഹനാപകടത്തില്‍ മരിച്ച എന്‍.എസ്. രവി ഷായുടെ കുടുംബത്തിന് നഷ്ടപരിഹാരം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. ഗതാഗതനിയമങ്ങള്‍ ലംഘിച്ച്, ബാഹ്യ ഇടപെടലില്ലാതെ അതിവേഗത്തില്‍ അശ്രദ്ധമായാണ് ഇയാൾ വാഹനമോടിച്ചത് എന്ന് കോടതി ചൂണ്ടിക്കാട്ടി. വാഹനം ഓടിച്ചയാള്‍ വരുത്തിവച്ച അപകടത്തിന്‍റെ പേരില്‍ നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ മരണപ്പെട്ടയാളുടെ ഭാര്യക്കും മാതാപിതാക്കള്‍ക്കും അര്‍ഹതയില്ലെന്ന് സുപ്രീം കോടതി അറിയിച്ചു.
പ്രതിമാസം 3 ലക്ഷം രൂപ വരുമാനമുള്ള കോണ്‍ട്രാക്റ്ററായിരുന്നു രവി ഷായെന്നും അതിനാല്‍ 80 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് മോട്ടോര്‍ ആക്സിഡന്‍റ്സ് ക്ലെയിംസ് ട്രൈബ്യൂണലിനെയും കര്‍ണാടക ഹൈക്കോടതിയെയും കുടുംബം സമീപിച്ചുവെങ്കിലും ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇവർ കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
മല്ലസാന്ദ്ര ഗ്രാമത്തില്‍ നിന്ന് അര്‍സികെരെ നഗരത്തിലേക്ക് ഫിയറ്റ് കാര്‍ ഓടിച്ചുപോകവേയാണ് അപകടമുണ്ടായത്. അമിത വേഗമാണ് അപകടകാരണമെന്ന് എഫ്ഐആറില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. കൂടാതെ, കാർ നിയന്ത്രണം വിട്ട് മറിയും മുമ്പ് ഇയാൾ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചെന്നും കോടതി കണ്ടെത്തി. നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ ട്രാഫിക് നിയമലംഘനമുണ്ടായിട്ടില്ലെന്ന് തെളിയിക്കപ്പെടേണ്ടതുണ്ടെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, കർണാടക ഹൈക്കോടതിയുടെ വിധി ശരിവയ്ക്കുകയായിരുന്നു.