വന്ദേ ഭാരത് എക്സ്പ്രസ്.
കോയമ്പത്തൂർ: എറണാകുളം- ബംഗളൂരു വന്ദേഭാരത് എക്സ്പ്രസിന് തമിഴ്നാട്ടിലെ നാലു ടെക്സ്റ്റൈൽ കേന്ദ്രങ്ങളിലും സ്റ്റോപ്പ് ഉണ്ടാകുമെന്ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ. കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം സ്റ്റേഷനുകളിലാകും സ്റ്റോപ്പ്. ഇത് ടെക്സ്റ്റൈൽ മേഖലയിലെ തൊഴിലാളികൾക്കു ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്‌ട്രപതിയായശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ അദ്ദേഹം കോയമ്പത്തൂർ സിറ്റിസൺ ഫോറം സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു.
ഝാർഖണ്ഡിലെ റാഞ്ചിയിൽ നിന്നു കോയമ്പത്തൂരിലേക്കു പ്രതിദിന ട്രെയ്‌ൻ സർവീസ് ആരംഭിക്കുമെന്നും അദ്ദേഹം. റെയ്‌ൽവേ ഇതിനു സമ്മതം അറിയിച്ചിട്ടുണ്ട്. കോയമ്പത്തൂർ വ്യവസായമേഖലയിൽ ഝാർഖണ്ഡിൽ നിന്നുള്ള നിരവധി തൊഴിലാളികളുണ്ട്. ഇവർ നേരിടുന്ന യാത്രാ ദുരിതം പരിഹരിക്കാനാണു പുതിയ സർവീസ്. ബംഗളൂരു വിമാനത്താവളത്തിനു സമാനമായി കോയമ്പത്തൂർ വിമാനത്താവളം വികസിപ്പിക്കാനുള്ള പദ്ധതിക്ക് അദ്ദേഹം പിന്തുണ അറിയിച്ചു.
തന്നെ ഗവർണറും ഉപരാഷ്‌ട്രപതിയുമാക്കിയതിന് രാധാകൃഷ്ണൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി പറഞ്ഞു. ഞാൻ ഒരിക്കൽപ്പോലും പ്രതീക്ഷിച്ചതല്ല ഈ സ്ഥാനങ്ങൾ. രണ്ടു തവണ പാർലമെന്‍റിലേക്ക് ജയിച്ചു. മൂന്നു തവണ പരാജയപ്പെട്ടു. അങ്ങനെയിരിക്കെ ഒരു ദിവസം മോദി എന്നെ ഫോണിൽ വിളിച്ച്, ഒരിടത്തേക്ക് നിയോഗിക്കാൻ ആഗ്രഹിക്കുന്നതായി അറിയിച്ചു. താങ്കളുടെ ഇഷ്ടം പോലെ... എന്നു ഞാൻ മറുപടി നൽകി. പിന്നീട് ഞാൻ തിരുപ്പൂരിൽ ഒരു അനുശോചന യോഗത്തിൽ പങ്കെടുക്കുമ്പോൾ എന്നെ ഝാർഖണ്ഡ് ഗവർണറായി നിയമിച്ചെന്ന് അറിയിപ്പു ലഭിച്ചു. ഞാനിതൊന്നും പ്രതീക്ഷിച്ചതല്ല, പക്ഷേ, സംഭവിച്ചു- രാധാകൃഷ്ണൻ പറഞ്ഞു.